തൃശ്ശൂര്‍: ഡോക്ടര്‍ ചമഞ്ഞ് പ്രായമായ സ്ത്രീകള്‍ താമസിക്കുന്ന വീടുകളിലെത്തി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. ആരോഗ്യവകുപ്പില്‍നിന്നുള്ള ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ചികിത്സയ്ക്കെന്ന വ്യാജേന ദേഹപരിശോധന നടത്തുകയും സ്വര്‍ണാഭരണം കവരുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല അല്ലപ്പുഴ വീട്ടില്‍ ഷൈന്‍ (34) ആണ് പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തപ്പോള്‍ രണ്ടരവര്‍ഷത്തിനിടെ സാധാരണക്കാരായ മുപ്പതോളം സ്ത്രീകളെ കബളിപ്പിച്ച് 60 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നതായി സമ്മതിച്ചു. കഴിഞ്ഞ 19-ന് ചെറുവത്തേരി സ്വദേശിനി രാധ (65)യുടെ സ്വര്‍ണമാല ഇയാള്‍ കവര്‍ന്നിരുന്നു. സ്‌കൂട്ടറില്‍ എത്തിയ ഷൈന്‍ പ്രായമായ സ്ത്രീകള്‍ക്ക് സൗജന്യമായി മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നും അറിയിച്ചു. പരിശോധനയ്ക്കിടെ സ്വര്‍ണമാല ഊരിവെക്കാന്‍ പറഞ്ഞു. മരുന്ന് എടുത്തുവരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ച് സ്ഥലം വിടുകയായിരുന്നു.
മാല നഷ്ടപ്പെട്ടതോടെ തട്ടിപ്പ് മനസ്സിലാക്കിയ സ്ത്രീ അപ്പോള്‍ത്തന്നെ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍. നായരുടെ മേല്‍നോട്ടത്തില്‍ ഷാഡോ പോലീസാണ് ഇയാളെ കുടുക്കിയത്. ചികിത്സയ്ക്കു പുറമെ ആരോഗ്യവകുപ്പില്‍നിന്ന് ധനസഹായത്തിന്റെ പേരിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഷൈന്‍ വിദഗ്ദ്ധനായ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. എന്നാല്‍, മൂന്നുവര്‍ഷമായി ഇയാള്‍ ജോലിക്കൊന്നും പോയിരുന്നില്ല. ആഡംബരജീവിതമാണ് നയിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നാണ് നാട്ടില്‍ പറഞ്ഞിരുന്നത്. സ്വര്‍ണം വിറ്റുകിട്ടുന്ന പണംകൊണ്ട് അമിത പലിശയ്ക്ക് പണം കൊടുത്തിരുന്നതായും സംശയിക്കുന്നു. ആഴ്ചകളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ ഷാഡോ പോലീസിന്റെ വലയിലാകുന്നത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ഇരുപത് പവനോളം വിറ്റഴിച്ച സ്ഥലങ്ങളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
Content highlights: Crime news, Robbery, Arrest, Thrissur, Gold robbery