മുണ്ടക്കയം: കഞ്ചാവു കടത്തുകാരെ പിടിക്കാന്‍ എക്‌സൈസ് സംഘം അരയുംതലയും മുറുക്കിയതോടെ കഞ്ചാവ് ലോബി പുതിയ തന്ത്രവുമായി രംഗത്ത്. കഞ്ചാവുകടത്തിന് സ്ത്രീകളെയും കൂട്ടിയാണ് പുതിയ പരീക്ഷണം.
വിനോദസഞ്ചാരികളെന്ന് തോന്നുന്നവിധം നന്നായി വസ്ത്രംധരിച്ച് ബാഗുകളും മറ്റുമായെത്തിയ യുവാക്കളുടെ സംഘത്തെയാണ് ബുധനാഴ്ച എക്‌സൈസ് പിടിച്ചത്.
രണ്ടു യുവാക്കളും രണ്ടു യുവതികളുമാണ് പിടിയിലായത്. കാഴ്ചയില്‍ പ്രണയജോടികളാണെന്നേ തോന്നൂ. കഴിഞ്ഞയിടെ മാവേലിക്കര സ്വദേശിനി വീട്ടമ്മയെയും എക്‌സൈസ് പിടിച്ചിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ലോബികളുടെ പ്രധാന ഇടപാടുകാര്‍. ചെറിയ പൊതികളാക്കിയ കഞ്ചാവിന് 100 മുതല്‍ 250 രൂപ വരെയാണ് വില.
മദ്യവില്പനശാലകള്‍ പൂട്ടിയതോടെ കഞ്ചാവിന്റെ ഉപഭോഗവും കടത്തും വ്യാപകമാകുകയാണ്. കടുത്ത നിയന്ത്രണവും പരിശോധനയും വന്നതോടെ ഇടുക്കി ജില്ലയിലെ വനമേഖലകളിലെ കഞ്ചാവുകൃഷി ഏറെക്കുറെ അപ്രത്യക്ഷമായി. ഇതോടെ കുമളി കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുള്ള വിപണനമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് മലയിറങ്ങിവരുന്ന കഞ്ചാവിന്റെ പ്രധാന ഇടത്താവളമായി മുണ്ടക്കയം മാറി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മാര്‍ച്ചു വരെ മുണ്ടക്കയത്ത് 24 കേസുകളിലായി 23 പേരെ പിടികൂടി. 1.535 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചതില്‍ ഏറെയും വീര്യം കൂടുതലുള്ള 'നീലച്ചടയന്‍'.
ബാറുകള്‍ പൂട്ടിയതോടെ കഞ്ചാവിന്റെ വരവ് കൂടിയിട്ടുണ്ട്. 4000 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നുവാങ്ങുന്ന കഞ്ചാവ് നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. കുമളി ചെക്ക്‌പോസ്റ്റ് കടന്ന് ബസ് മാര്‍ഗം എത്തുന്ന കഞ്ചാവ് ഇടനിലക്കാര്‍ക്ക് വിതരണം ചെയ്യുന്നത് മുണ്ടക്കയത്തുവെച്ചാണ്. ബസ് സ്റ്റാന്റ് ഇതിന് ഏറെ അനുയോജ്യമാണെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇക്കാരണത്താല്‍ എക്‌സൈസ് ഏറെ നിരീക്ഷിക്കുന്നതും ഇവിടമാണ്.
തമിഴ്‌നാട്, ഒറീസ, അസം സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് പ്രധാനമായും എത്തുന്നത്. ബുക്കുകളും പുസ്തകങ്ങളും പായ്ക്ക് ചെയ്യുന്ന രീതിയിലാണ് ഇവ കടത്തുന്നത്. ഇങ്ങിനെ എത്തുന്ന കഞ്ചാവ് ആദിവാസികളുടെ സഹായത്താല്‍ തലച്ചുമടായി കസ്ബ, കുമളി എന്നിവിടങ്ങളില്‍ എത്തിച്ചാണ് വിപണനം.