കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ ഉണ്ടായ വെടിവെപ്പ് സംബന്ധിച്ച അന്വേഷണം മുംബൈയിലേക്കും. മുംബൈ പോലീസിന്റെ സഹായം തേടിയതായി ഉന്നത പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
രവി പൂജാരി എന്ന അധോലോക നായകന്റെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് അന്വേഷണം മുംബൈയിലേക്കും വ്യാപിപ്പിക്കാന്‍ കാരണം. ഇയാള്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണെന്നാണ് പറയുന്നത്. അടുത്തകാലത്ത് രവി പൂജാരിയുമായി ബന്ധപ്പെട്ട് മുംബൈയില്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. എന്നാല്‍, വെടിവെപ്പ് പ്രൊഫഷണല്‍ സംഘങ്ങളുടെ രീതിയിലല്ല നടന്നതെന്ന് പോലീസ് ആവര്‍ത്തിക്കുന്നുണ്ട്. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് ബ്യൂട്ടി പാര്‍ലറിനു സമീപമിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയിക്കുന്നുണ്ട്.
നടി ലീന മരിയ പോളിന്റെ വിശദ മൊഴി തിങ്കളാഴ്ച രാത്രിയില്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് രവി പൂജാരിയുടെ പേരില്‍ ഇന്റര്‍നെറ്റ് കോളുകള്‍ വന്നിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 25 കോടി ആവശ്യപ്പെട്ടെന്നാണ് ലീന പറയുന്നത്.
കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നടിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് െഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.
തന്റെ ഭര്‍ത്താവ് ശേഖര്‍ ഡല്‍ഹിയിലെ ഒരു കേസില്‍പ്പെട്ട് തിഹാര്‍ ജയിലിലാണെന്ന് ലീന സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. നവംബര്‍ മൂന്നിന് തനിക്ക് നിരന്തരം ഭീഷണി സന്ദേശം വന്നുവെന്നാണ് പരാതിയിലുള്ളത്. ലീനയാണോ എന്ന് സ്ഥിരീകരിച്ച ശേഷം കോളുകള്‍ ആദ്യം കട്ട് ചെയ്തു. പിന്നീട് ഭീഷണി സന്ദേശങ്ങളും വിളികളുമുണ്ടായി.
തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇവരുള്‍പ്പെട്ട മുന്‍ കേസുകളുടെ സകല വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇതിലൂടെ, സംശയിക്കാവുന്ന ഒരാളിലേക്ക് എത്താനാവുമോയെന്നാണ് നോക്കുന്നത്. പ്രാദേശിക ക്വട്ടേഷന്‍ സംഘങ്ങളെയാണ് ഇപ്പോഴും പോലീസ് സംശയിക്കുന്നത്.
അന്വേഷണം വഴിതെറ്റിക്കാന്‍ വമ്പന്‍ പേരുകള്‍ പറഞ്ഞതാണോ എന്നാണ് സംശയം. സാമ്പത്തിക ഇടപാടുകളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്.
ഹവാല പണമിടപാടുകളാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡി.സി.പി. പറഞ്ഞു.
പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍
ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്ത രണ്ടുപേര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചതായി ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. മുഖം മറച്ചും വണ്ടിയുടെ നമ്പര്‍ മറച്ചുമാണ് ഇവര്‍ എത്തിയത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ടോള്‍ പിരിവ് കേന്ദ്രങ്ങള്‍, പ്രധാന റോഡുകള്‍, എന്നിവിടങ്ങളിലെല്ലാം അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും എടുത്തു. ഏതാനും സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. തോക്ക് വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപത്തുണ്ടായ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘ (എസ്.ഐ.ടി.) ത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍.
ഇതുവരെ സൗത്ത് സി.ഐ. സിബി ടോമാണ് അന്വേഷിച്ചിരുന്നത്. 15 അംഗ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. അന്വേഷണം വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മിഷണര്‍ എം.പി. ദിനേശും വിലയിരുത്തും.
ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യും
മുമ്പ് ലീന മരിയ പോളിനൊപ്പം തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സുകേഷ് ചന്ദ്രശേഖറിന്റെ കൊച്ചിയിലെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍നിന്ന് മാസങ്ങള്‍ക്കു മുമ്പാണ് കോടികള്‍ വിലയുള്ള 11 ആഡംബര വാഹനങ്ങള്‍ വകുപ്പ് പിടിച്ചത്. റോള്‍സ് റോയ്സ് ഉള്‍പ്പെടെയുള്ള വണ്ടികളുണ്ട്. ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
പോലീസ് സംരക്ഷണം തേടി നടിയുടെ ഹര്‍ജി
ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കും പനമ്പിള്ളി നഗറിലെ നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന സ്ഥാപനത്തിനും പോലീസ് സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം. ഡിസംബര്‍ 15-ന് വൈകീട്ടാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പ് നടത്തിയത്.
നവംബര്‍ മൂന്നിന് അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണി ഫോണ്‍കോള്‍ വന്നു. 25 കോടി രൂപ നല്‍കണമെന്നാണ് അജ്ഞാതന്‍ ആവശ്യപ്പെട്ടത്. പിന്നീട് പലതവണ ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് സ്ഥാപനത്തിനു നേരെയുണ്ടായ വെടിവെപ്പെന്നും ലീനയുടെ ഹര്‍ജിയില്‍ പറയുന്നു.
Content highlight: Gangsters fire at Kochi beauty parlour: police request to mumbai police help