പയ്യോളി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്കുവേണ്ടി വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സി.പി.എം. കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന പൂളത്തോട് കട്ടാങ്ങൽ ചൈത്രത്തിൽ കെ. മനോജ്കുമാറിനെ (48) റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസ് അറസ്റ്റുചെയ്തു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നിവയ്ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. സംഭവം അറിഞ്ഞതോടെ ഒക്ടോബർ ഏഴിന് ജില്ലാ കമ്മിറ്റി മനോജിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ചാത്തമംഗലം മുൻ പഞ്ചായത്ത് അംഗംകൂടിയാണ് മനോജ്. ടോം തോമസിന്റെ പേരിൽ ജോളി ഉണ്ടാക്കിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടത് മനോജായിരുന്നു. മറ്റൊരു സുഹൃത്ത് മഹേഷ്‌കുമാറിന്റെ പേരിലും ഒപ്പിട്ടത് മനോജ് തന്നെയായിരുന്നു. മനോജും ജോളിയും റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളിയായിരുന്നു. ഇവർ തമ്മിൽ പണമിടപാടും ഉണ്ടായിരുന്നു.
പൊന്നാമറ്റം കുടുംബത്തിലെ കൊലപാതകങ്ങൾ മനോജിന് അറിയാമായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്. വെള്ളിയാഴ്ച രാവിലെ മുതൽ മനോജിനെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെ മഹേഷിനെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുപേരെയും ഒരുമിച്ചും ചോദ്യം ചെയ്തു. വൈകീട്ട് പുതുപ്പണത്തെ റൂറൽ എസ്.പി. ഓഫീസിൽ മനോജിനെ എത്തിച്ചു. എസ്.പി.യുടെ ചോദ്യംചെയ്യൽ കഴിഞ്ഞശേഷം വീണ്ടും പയ്യോളിയിൽ കൊണ്ടുവന്നശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീന്നിട് കൊയിലാണ്ടി ഗവ. ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി.
കേസിൽ നാലാം പ്രതിയായാണ് മനോജിനെ ഉൾപെടുത്തിയത്. ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരാണ് മറ്റു പ്രതികൾ. ടോം തോമസ്, മകൻ റോയ് തോമസിന് സ്വത്ത് നൽകുന്നതായ ഒസ്യത്താണ് ഉണ്ടാക്കിയത്. ടോം തോമസിന്റെ കൊലയ്ക്കുശേഷം റോയ് തോമസിന്റെ കൈവശമെത്തിയ സ്വത്ത് റോയിയെ വകവരുത്തിയതോടെ തനിക്ക് ലഭിക്കുമെന്നായിരുന്നു ജോളിയുടെ കണക്കുകൂട്ടൽ.
Content Highlights: former Cpm leader arrested in Koodathai Murder Case