ഫ്‌ളോറിഡ: ബാങ്കിനുള്ളില്‍ യുവാവ് നടത്തിയ വെടിവെയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സെബ്രിങ്ങിലെ സണ്‍ട്രസ്റ്റ് ബാങ്ക് ശാഖയ്ക്കുള്ളില്‍ കടന്ന ഇരുപത്തിയൊന്നുകാരനായ സെഫാന്‍ സേവര്‍ ആളുകളുടെ നേര്‍ക്ക് നിറയൊഴിച്ചത്. നിറയൊഴിച്ച ശേഷം സെഫാന്‍ തന്നെ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ബാങ്കിലെത്തിയ പോലീസ് സെഫാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് ബാങ്കിനുള്ളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു. ബാങ്ക് കൊള്ളയായിരുന്നോ യുവാവിന്റെ ലക്ഷ്യമെന്ന് വ്യക്തമാല്ലെന്ന് പോലീസ് അറിയിച്ചു.
സ്റ്റീവന്‍-ഹെനഗര്‍ കോളേജില്‍ ഓണ്‍ലൈന്‍ ബിരുദ വിദ്യാര്‍ഥിയാണ് സെഫാനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ഇയാള്‍ വിദ്യാര്‍ഥിയായി എന്‍റോള്‍ ചെയ്തതെന്ന് കോളേജ് വക്താവ് അറിയിച്ചു. ഡിസംബറിനു ശേഷം ഇയാളെ കുറിച്ച് കോളേജ് അധികൃതര്‍ക്ക് വിവരമൊന്നുമില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
സെബ്രിങ് നിവാസിയായ സെഫാന്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസമെന്ന് അയല്‍വാസിയായ ജോണ്‍ ലാറോസ് പറഞ്ഞു. അയല്‍വാസികളുമായി അധികം ബന്ധം പുലര്‍ത്താതിരുന്ന സെഫാന്‍ രാത്രികളില്‍ വീഡിയോ ഗെയിമുകളില്‍ മുഴികിയിരുന്നതായും ഉച്ചത്തില്‍ ബഹളമുണ്ടാക്കിയിരുന്നതായും ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വെടിവെയ്പില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. സെഫാന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സണ്‍ട്രസ്റ്റ് ബാങ്ക് അധികൃതര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Content Highlights: Five killed in Florida bank shooting, accused surrenders, Sebring