ഭുവനേശ്വര്‍ (ഒഡീഷ): അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന് സംശയിച്ച് പതിനേഴുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 45 കാരനായ പിതാവ് അറസ്റ്റിലായി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം.
ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് കാണാതായിരുന്നു. അന്യജാതിക്കാരനോടൊപ്പം പെണ്‍കുട്ടി ഓടിപ്പോയതാണെന്ന് പിതാവ് സംശയിച്ചു. സെപ്റ്റംബര്‍ 15 ന് ഗ്രാമത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ പിതാവ് തയ്യാറായില്ല. ഇതോടെ അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പിതാവ്.
അമ്മാവനും അച്ഛനും കാമുകന്റെ പേരുപറയാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ഇതിനിടെ അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചു. വീട്ടില്‍ എത്തിയതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു.
പിന്നീട് മൃതദേഹം കാടുമൂടിയ സ്ഥലത്ത് കുഴിച്ചിട്ടു. പോലീസ് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ അജ്ഞാത വ്യക്തിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ മകളെ കാണാതായതായി പിതാവ് നല്‍കിയിട്ടില്ലെന്ന് പോലീസിന് വ്യക്തമായി. ഇതില്‍ സംശയം തോന്നിയതോടെ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മകളെ കൊന്നത് താനാണെന്ന് പിതാവ് വെളിപ്പെടുത്തുകയായിരുന്നു.
Content Highlight; father strangles 17-yr-old daughter in Odisha