ചേർപ്പ്: ശരീരത്തിൽനിന്ന് രക്തം ഊറ്റിയുള്ള ‘കപ്പിങ് തെറാപ്പി’ എന്ന വ്യാജചികിത്സ വ്യാപകമാവുന്നു. പോലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ, ഈ ‘ചികിത്സ’ നടത്തിയ ആളെ അറസ്റ്റ് ചെയ്തു.
പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി ചേനം റോഡിൽ വലിയവീട്ടിൽ അഷ്റഫ് (57) ആണ് അറസ്റ്റിലായത്. ഹൃദയധമനിയിലെ തടസ്സം മുതൽ മഞ്ഞപ്പിത്തം വരെയുള്ള 36 രോഗങ്ങൾക്ക് പരിഹാരം എന്ന പ്രചാരണം നടത്തിയാണ് ചികിത്സ നടത്തിയിരുന്നത്.
വളരെ പെട്ടെന്ന് അണുബാധ ഉണ്ടാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുള്ള രീതിയിലാണ് ‘ചികിത്സ’യെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടകരമായ ഇത്തരം ചികിത്സാരീതി മറ്റ് പലയിടത്തും പരസ്യമായി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പലരും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. ശരീരത്തിൽ മുറിവുണ്ടാക്കി കപ്പ് പോലുള്ള ഉപകരണംകൊണ്ട് ദുഷിച്ച രക്തം ഊറ്റിയെടുക്കുന്നതിലൂടെ രോഗം ഭേദമാവുമെന്നാണ് ഈ ‘ചികിത്സ’ ചെയ്യുന്നവർ അവകാശപ്പെടുന്നത്.
വീട്ടിൽ അഞ്ചുവർഷമായി ഷിഫ നാച്വറൽ കെയർ കപ്പിങ് തെറാപ്പി എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു അഷ്റഫ്. അഞ്ചുമണിക്കൂർ നീണ്ട പരിശോധനയിൽ വ്യാജസർട്ടിഫിക്കറ്റുകൾ, തെറാപ്പിക്ക് ഉപയോഗിക്കുന്നതും ഉപയോഗിച്ചതുമായ നൂറ്റമ്പതോളം സർജിക്കൽ ബ്ലേഡ്, രക്തം ഊറ്റിയെടുക്കുന്ന സക്കിങ് ഗൺ, നൂറ്റമ്പതോളം കപ്പുകൾ, ബി.പി. പരിശോധിക്കുന്ന ഉപകരണം, ഗ്ലൗസ്, പഞ്ഞി, ഗ്ലൂക്കോമീറ്റർ, ട്യൂബ്, തേൻ, കരിഞ്ചീരകം എന്നിവ പിടിച്ചെടുത്തു.
പോലീസും പരിശോധന നടത്തുന്നു
ഡൽഹി, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ആരോഗ്യവകുപ്പ് മെഡിക്കൽ കൗൺസിലുമായി പരിശോധിച്ചപ്പോൾ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഷൊർണൂരിൽ മൂന്നുദിവസത്തെ പരിശീലനം നേടിയശേഷം 10,000 രൂപ വീതം മുടക്കി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയത് ഈയിടെയാണെന്ന് പോലീസ് പറഞ്ഞു. 2014 മുതൽ പല ശാഖകളിലായി ‘ചികിത്സ’ നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ള ഇദ്ദേഹം ഡോക്ടർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ചികിത്സ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ചേർപ്പ് എസ്.ഐ. എസ്.ആർ. സനീഷ്, ആരോഗ്യവിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു, ജില്ലാ മാസ് മീഡിയ ഓഫീസർ ടി.എ. സരിതാദേവി, സീനിയർ ക്ലാർക്ക് കെ. മിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: fake treatment center, cupping therapy, one arrested, cherpu, thrissur