കൊച്ചി: ഹാഷിഷിനും കഞ്ചാവിനും ഓഫര്‍ വില്പന നടത്തിയ രണ്ടുപേര്‍ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയും കരിമുകളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ വില്പന നടത്താനായി ശേഖരിച്ചതായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നിര്‍ദേശപ്രകാരം നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ പരിശോധനകളെ തുടര്‍ന്ന് വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് 40 ശതമാനം ഓഫറിട്ട് വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴി വിറ്റഴിച്ചുകൊണ്ടിരുന്നത്, ലഹരി വിപണിയില്‍ 20 ഗ്രാം തൂക്കം വരുന്ന 2,000 രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞിട്ട് 1,200 രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റിരുന്നത്.
ഡി.സി.പി. ജെ. ഹിമേന്ദ്രനാഥിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാ ണ് പ്രതികള്‍ പിടിയിലായത്.
തമിഴ്നാട്ടിലെ കമ്പത്തുനിന്ന് എത്തിക്കുന്ന ഹാഷിഷും കഞ്ചാവും രാജന്‍ സെല്‍വത്തിന്റെ ഓട്ടോയില്‍ നഗരത്തില്‍ സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍, ഷാഡോ എസ്.ഐ. എ.ബി. വിബിന്‍, ഷാഡോ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlight: Drugs sale via social media with 40 % offer