ആശുപത്രിയില്‍ വിലക്ക് ലംഘിച്ച് ബാലഭാസ്‌കറിനെ അവസാനം കണ്ടത് ആര്?; നിരവധി ചോദ്യങ്ങളുമായി ബന്ധുക്കള്‍


3 min read
Read later
Print
Share

തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ നിരവധി സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍. തങ്ങള്‍ക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നതെന്നും ബാലുവിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സഹായി ആയ ഒരാള്‍ ഡി.ആര്‍.ഐയുടെ പിടിയിലായതോടെയാണ് ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സഹായികളില്‍ ഒരാള്‍ ഒളിവിലാണ്.

മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറിപ്പ്. ആരോഗ്യനില ഭേദമായിക്കൊണ്ടിരിക്കുന്നതിനിടെ ബാലുവിന് പെട്ടെന്ന് ഹൃദയാഘാതം വന്നതിന് പിന്നില്‍ ആരുടെയെങ്കിലും സാന്നിധ്യം ഉണ്ടായിരുന്നോയെന്നും ഇവര്‍ ചോദിക്കുന്നു. മരണം സംഭവിച്ച ദിവസം പകല്‍ ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീ രാത്രിയോടെ സ്ഥലം വിട്ടുവെന്നും പോസ്റ്റ് മോര്‍ട്ടത്തിനായി ബാലഭാസ്‌ക്കറിന്റെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്നും സഹോദരി ആരോപിക്കുന്നു. എന്തുകൊണ്ട് ഇത്തരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിടാന്‍ വൈകിയെന്നതും ഇപ്പോള്‍ എന്തുകൊണ്ട് നിര്‍ബന്ധിതയായെന്നും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. ബാലുവിനെ ബന്ധുക്കളുമായി അടുപ്പിക്കാതിരിക്കാന്‍ ചില സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നതായും ഇവര്‍ ആരോപിക്കുന്നു.

ബാലുവിന്റെ മരണം നടന്ന അന്ന് ഉച്ചക്ക് അവിടെയുണ്ടായിരുന്ന ലത എന്നയാള്‍ രാത്രിയോടെ സ്ഥലം വിട്ടത് എന്തിനാണെന്നും, അപകടം നടക്കുമ്പോള്‍ വണ്ടിയോടിച്ചത് ബാലുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത് ആരാണെന്നും ചോദിക്കുന്നു. ഈ സ്ത്രീയുടെ സഹോദരന്റെ മകനാണ് ഡ്രൈവര്‍ എന്ന കാര്യം മറച്ചുവെച്ചതടക്കം നിരവധി സംശയങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിലെ ചോദ്യങ്ങള്‍

1. എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടും ഒടുവില്‍ പൂര്‍ണ സന്ദര്‍ശന നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?
2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം - ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിന്?
3. ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു ?
4. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നല്‍കാത്തതെന്തുകൊണ്ട്?
5. പോലീസ് രേഖകള്‍ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?
6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
7. മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സഹോദരന്റെ മകന്‍) ആണ് കാറോടിച്ച അര്‍ജുന്‍ എന്നത് ചര്‍ച്ചയാവാത്തത് എന്തുകൊണ്ട്?
8. ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
9 . ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നു, ഇതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
10 പരിക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്?
11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
12 ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉറക്കം നടിച്ചതെന്തുകൊണ്ട്?
13 . ബാലുവിന് വേണ്ടി സന്ദര്‍ശക നിയന്ത്രണം കൊണ്ടുവരാന്‍ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?
14 മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?
15 ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്?
16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരും ഉള്‍പ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മരണവും സംശയത്തിന്റെ നിഴലിലായത്. അപകടം സംഭവിച്ച സമയത്തുതന്നെ കുടുംബം അസ്വാഭാവികത ആരോപിച്ചിരുന്നു. തങ്ങളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ പരാതിയും നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുകേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ അറസ്റ്റിലാകുന്നത്.

Content highlights: Death of Violinist Balabhaskar under mysterious circumstances; questions arises in FB post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി

May 13, 2017


mathrubhumi

1 min

മോഡലിനെ കൊന്നത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതുകൊണ്ടെന്ന് പ്രതിയായ ഫോട്ടോഗ്രാഫര്‍

Jan 25, 2019


mathrubhumi

1 min

ചന്ദ്രബോസ് വധക്കേസ്: നിസാമിന് കര്‍ശന നിരീക്ഷണത്തില്‍ മൂന്ന് 'പകല്‍' പരോള്‍

Jan 21, 2019