ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2016-ല്‍ 8,132 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇരയാക്കപ്പെട്ടവരിലേറെയും പതിനെട്ടുവയസ്സില്‍ താഴെയുള്ളവരാണ്.
എണ്ണായിരത്തോളമുള്ള മനുഷ്യക്കടത്ത് കേസുകളില്‍ 15,379 പേര്‍ ഇരകളായിട്ടുണ്ട്. ഇതില്‍ 9,034 പേരും പതിനെട്ടുവയസ്സില്‍താഴെയുള്ളവരാണ്. ബംഗാളില്‍ നിന്നാണ് ഏറ്റവുംകൂടുതല്‍ മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത് -3,579 എണ്ണം.
2015-ല്‍ ഏറ്റവുംകൂടുതല്‍ മനുഷ്യക്കടത്ത് റിപ്പോര്‍ട്ട് ചെയ്ത അസമില്‍ ഇക്കുറി കുറഞ്ഞു. 1494 ആണ് 2015-ല്‍ റിപ്പോര്‍ട്ടുചെയ്തതെങ്കില്‍, 2016-ല്‍ 91 കേസുകള്‍ മാത്രം. മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ ബംഗാളിന് തൊട്ടുപിന്നില്‍ രാജസ്ഥാനാണ്. 1422 കേസുകള്‍. ഗുജറാത്ത് -548, മഹാരാഷ്ട്ര -517, തമിഴ്നാട് -434 എന്നിവയാണ് തുടര്‍ന്നുവരുന്ന സംസ്ഥാനങ്ങള്‍.
എന്നാല്‍, ദിവസംതോറും 63 പേര്‍ എന്ന കണക്കിന് 2016-ല്‍ 23,117 പേരെ മനുഷ്യക്കടത്തില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇതില്‍ 22,932 പേര്‍ ഇന്ത്യക്കാരും 38 പേര്‍ ശ്രീലങ്കക്കാരും ബാക്കി നേപ്പാളുകാരുമാണ്.
Share this Article
Related Topics