ജൂവലറി കവര്‍ച്ച: തിരുട്ടു ഗ്രാമത്തില്‍ നിന്ന് രണ്ടുപേര്‍ പിടിയില്‍


1 min read
Read later
Print
Share

മോഷണങ്ങള്‍ നടത്തിക്കിട്ടുന്ന തുക നാട്ടിലെത്തിയശേഷം വീതിച്ചെടുക്കുകയാണു ചെയ്യുന്നതെന്നു ഇവര്‍ പറഞ്ഞു

തിരുവനന്തപുരം: നഗരത്തിലെ ജൂവലറിയില്‍നിന്നു 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ള രണ്ടുപേര്‍ പിടിയില്‍. മിത്രന്‍(40), മുരുകന്‍ (37) എന്നിവരെയാണ് തിരുട്ട് ഗ്രാമത്തില്‍പ്പോയി സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.

തമിഴ്നാട് തിരുച്ചിറപള്ളിയിലെ തിരുട്ട് ഗ്രാമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓരോ മോഷണസംഘത്തിലും സംഘത്തലവന്‍ ഉള്‍പ്പെടെ പതിനഞ്ചോളം അംഗങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മിത്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂവലറി മോഷണം നടത്തുന്നത്. മൃഗബലി ഉള്‍പ്പെടെ പൂജകള്‍ക്കുശേഷമാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നത്.

മോഷണമുതല്‍ സംഘത്തലവനെ ഏല്‍പ്പിക്കും. മോഷണങ്ങള്‍ നടത്തിക്കിട്ടുന്ന തുക നാട്ടിലെത്തിയശേഷം വീതിച്ചെടുക്കുകയാണു ചെയ്യുന്നതെന്നു ചോദ്യംചെയ്യലില്‍ ഇവര്‍ പറഞ്ഞു. മോഷണമുതലുകള്‍കൊണ്ട് സ്ഥലംവാങ്ങുകയും അതില്‍ വീടുകളും കച്ചവടസ്ഥാപനങ്ങളും നിര്‍മിച്ച് വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. സംഘാംഗങ്ങളില്‍ പലര്‍ക്കും ആഡംബരവീടുകളുണ്ട്. ഇതില്‍ ഒളിവില്‍ പാര്‍ക്കാനുള്ള രഹസ്യ അറകളുണ്ടെന്നും പോലീസ് പറയുന്നു.

നോട്ട് വിതറിയും വഴിചോദിച്ചും മാലിന്യമെറിഞ്ഞും മറ്റുമാണ് ഇവര്‍ ആള്‍ക്കാരുടെ ശ്രദ്ധ തിരിക്കുന്നത്. തിരുവനന്തപുരത്തെ ജൂവലറിയില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ മിത്രിന്റെ സംഘം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ സംഘത്തിലെ മറ്റംഗങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ. സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐ. ലഞ്ചുലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram