ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം നേതാവായ പി.മോഹനനെ വധിക്കാന്‍ ആര്‍.എം.പിയാണ് അക്രമത്തിന് പദ്ധതിയിട്ടത് എന്നടക്കമുള്ള ആരോപണവും കേസിനുണ്ടായിരുന്നു. ഇത് വിഷയത്തെ കൂടുതല്‍ ഗൗരവത്തിലാക്കുകയും ചെയ്തു. വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിന് ഒടുവില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് താല്‍ക്കാലികമായി കര്‍ട്ടണിടുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരാളുടെ ഒറ്റക്കള്ളമായിരുന്നു തങ്ങളെ അറസ്റ്റിലേക്കെത്തിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കുഴഞ്ഞ് മറിഞ്ഞ കേസായത് കൊണ്ടു തന്നെ ഏറെ ശ്രദ്ധയോടെയും രഹസ്യാത്മകവുമായിട്ടായിരുന്നു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസിനെ കൈകാര്യം ചെയ്തിരുന്നത്. പ്രത്യേകം ശേഖരിച്ച 200 ഓളം ഫോണ്‍വിളികളെയാണ് അന്വേഷണ സംഘം പ്രധാനമായും ആശ്രയിച്ചത്. അതില്‍ നിന്നും അന്ന് കോഴിക്കോടെത്തിയ നാല് പേരിലേക്ക് പോലീസ് അന്വേഷണം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
അറസ്റ്റിലായ നാദാപുരം സ്വദേശി ഷിജിന്‍ അന്ന് രാത്രി കോഴിക്കോട് എത്തിയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ പോലീസിന്റെ ചോദ്യത്തോട്, വടകരയില്‍ അന്ന് അക്രമിക്കപ്പെട്ട ആര്‍എസ്എസ് നേതാവ് ബിജുവിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പണം കൊണ്ട് കൊടുക്കാനാണ് താന്‍ പോയത് എന്നായിരുന്നു ഷിജിനിന്റെ മറുപടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി അറസ്റ്റിലായ രൂപേഷ് സേവാഭാരതി പ്രവര്‍ത്തകനായ അരുണ്‍ ദേവ് വഴി ബിജുവിനെ പണം ഏല്‍പിച്ചുവെന്നും മൊഴി നല്‍കിയിരുന്നു. ഈ കള്ളമാണ് പോലീസ് അപ്പാടെ പൊളിച്ച് കളഞ്ഞതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.
തനിക്ക് പണം തന്നില്ലെന്ന് മാത്രമല്ല ആശുപത്രിയിലായ തന്നെ വന്ന് നോക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ലെന്നായിരുന്നു ബിജുവിന്റെ മൊഴി. മാത്രമല്ല അരുണ്‍ദേവ് എന്നയാള്‍ അന്നേ ദീവസം നാഗ്പുരില്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നുവെന്നു പോലീസിന് വ്യക്തമായി. അങ്ങനെ ഇവര്‍ കളവ് പറയുകയായിരുന്നുവെന്നും ഇവര്‍ തന്നെയാണ് പ്രതികള്‍ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയും ചെയ്തു.
വടകരയിലെ ആര്‍.എസ്.എസ് ഓഫീസ് അക്രമിക്കപ്പെട്ടതിന്റെ പകരമെന്നോണമാണ് കോഴിക്കോട് സി.പി.എം ഓഫീസിന് നേരെ ഇവര്‍ ബോംബെറിഞ്ഞത്. ഇതിനായി ഷിജിനും, പ്രതിയെന്ന് കരുതുന്ന നാദാപുരം പുറമേരി സ്വദേശി നജീഷും കോഴിക്കോടുള്ള രൂപേഷിനെയും സുഹൃത്തിനേയും ബന്ധപ്പെടുകയും അക്രമത്തിന് പദ്ധതിയിടുകയുമായിരുന്നു. ബോംബേറില്‍ അത്ര പരിചയമില്ലാത്ത രൂപേഷും സുഹൃത്തും വഴികാട്ടിയെന്നോണമാണ് മറ്റ് രണ്ടുപേര്‍ക്കുമൊപ്പം കൂടിയത്. പക്ഷെ അവരുടെ ഉന്നവും പിഴച്ചത് കൊണ്ട് വലിയ അപകടത്തില്‍ നിന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്‍ രക്ഷപ്പെടുകയും ചെയ്തു. കൃത്യത്തിന് ശേഷം നജീഷും ഷിജിനും ഗള്‍ഫിലേക്ക് മുങ്ങിയിരുന്നുവെങ്കിലും ഷിജിന്‍ നാട്ടിലേക്ക് തന്നെ തിരിച്ച് പോരുകയായിരുന്നു. നജീഷും രൂപേഷിനൊപ്പം അന്നുണ്ടായ സുഹൃത്തുമാണ് ഇനി കേസില്‍ അറസ്റ്റിലാവാനുള്ളത്.