തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മോഷണം നടത്തുന്ന മൂന്നുപേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടില്‍ വീട്ടില്‍ ആകാശ് (22), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടില്‍ ജിതിന്‍ (22), ആലപ്പുഴ മുല്ലക്കല്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
മാലപിടിച്ചുപറി, ബൈക്ക് മോഷണം, ആക്രമണം നടത്തി മൊബൈല്‍ ഫോണും പണവും കവരുക തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പുലയനാര്‍കോട്ട ചെറുവയ്ക്കല്‍ ഐറ്റിക്കൊണം അശ്വതി ഭവനില്‍ തുളസിയുടെ മൂന്നു പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
പാലോട് ആലംപാറയില്‍ താമസിക്കുന്ന എഴുപതുകാരി സുശീലയുടെ രണ്ടുപവന്‍ മാല പിടിച്ചുപറിച്ചതും ആനയറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്തുനിന്നു ബൈക്ക് മോഷ്ടിച്ചത്, കടയ്ക്കാവൂര്‍ സ്വദേശി സുജിഷിന്റെ ബൈക്ക് ചിറയിന്‍കീഴ് നിന്നു മോഷ്ടിച്ചത്, കൊട്ടാരക്കരയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത്, കഠിനംകുളം ഭാഗത്ത് ചിട്ടിക്കമ്പനി നടത്തുന്നയാളില്‍നിന്നു പണം പിടിച്ചുപറിച്ചത്, വെട്ടുറോഡ് സ്വദേശി രത്നാകരന്റെ വീട്ടിലെത്തി ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചത് എന്നിവയുള്‍പ്പെടെ ഒട്ടെറെ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകളില്‍ വ്യാജനമ്പര്‍ പതിപ്പിച്ചാണ് ഇവര്‍ മാല മോഷണത്തിന് ഇറങ്ങിയിരുന്നത്. ഉള്ളൂര്‍-ആക്കുളം റോഡില്‍ മാല പിടിച്ചുപറിച്ച ശേഷം മോഷ്ടാക്കള്‍ പോകാന്‍ സാധ്യതയുള്ള വഴികളിലെ സ്വകാര്യ സിസി.ടി.വി. ക്യാമറകളും പോലീസ് നിരീക്ഷണ ക്യാമറകളും പരിശോധിച്ചശേഷമാണ് ഇവരാണ് മോഷ്ടാക്കളെന്ന് വ്യക്തമായത്.
മോഷണമുതല്‍ വിറ്റുകിട്ടുന്ന തുക ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനും മറ്റ് ആഡംബരങ്ങള്‍ക്കുമാണ് ചെലവഴിച്ചിരുന്നതെന്നും ഷാഡോ പോലീസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം എ.സി. സുരേഷ് കുമാര്‍ വി., ഷാഡോ എസ്.ഐ. സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.