തിരുവനന്തപുരം: ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി.) കൈമാറാതെ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അക്കൗണ്ട് ഉടമയുടെ ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 1.7 ലക്ഷം രൂപയാണ് തലസ്ഥാനത്ത് രണ്ടുപേര്‍ക്കായി നഷ്ടമായത്. ഒരാളുടെ കാര്‍ഡില്‍ വിദേശത്താണ് പണമിടപാട് നടന്നതെങ്കില്‍ മറ്റെയാളുടെ കാര്‍ഡുപയോഗിച്ച് ഇ-വാലറ്റിലേക്ക് പണം മാറ്റുകയാണ് ചെയ്തിട്ടുള്ളത്. ഒറ്റത്തവണ പാസ് വേര്‍ഡ് ഇല്ലാതെ തന്നെ തട്ടിപ്പ് നടന്നിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് വ്യക്തതയില്ല.
പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി എത്തിയ വിനോദ് എന്നയാള്‍ക്ക് 1,00,300 രൂപയാണ് വിവിധ ഇടപാടുകളിലായി നഷ്ടമായത്. ഓരോ ഇടപാടുകള്‍ക്കും അദ്ദേഹത്തിന്റെ ഫോണില്‍ ഒറ്റത്തവണ പാസ് വേര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് ആര്‍ക്കും കൈമാറിയിരുന്നില്ല. ഇതു സംബന്ധിച്ച് ഫോണിലൂടെ പരാതി പറയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പണം നഷ്ടമായത്.
എസ്.ബി.ഐ.യുടെ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ-വാലറ്റുകളിലേക്ക് ഇടപാട് നടത്തിയിരിക്കുന്നുവെന്ന സന്ദേശവും ലഭിച്ചിരുന്നു. പാസ് വേഡ് കൈമാറാതെ തന്നെ പണം നഷ്ടമായ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ഫോണിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഏതാനും മാസങ്ങളായി പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇത്തരത്തില്‍ ഒരു തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിക്കുന്നത് ആദ്യമായാണെന്നും പോലീസ് പറയുന്നു.
ഏതാനും നാള്‍ മുമ്പ് നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പണം പിന്‍വലിച്ചിരുന്നത് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിനു പിന്നിലും ആ സംഘങ്ങളാണോയെന്നും പോലീസ് പരിശോധിച്ചുവരുകയാണ്. പട്ടം സ്വദേശിയായ പ്രമോദ് എന്നയാള്‍ക്ക് 68000 രൂപ നഷ്ടമായതില്‍ ഇടപാടുകളെല്ലാം അമേരിക്കന്‍ ഡോളറിലായിരുന്നു നടന്നതെന്നാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ഈ ഇടപാടുകള്‍ നടന്നത് സംബന്ധിച്ച് സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ക്രെഡിറ്റ്കാര്‍ഡ് സാധാരണ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തില്‍ ഒ.ടി.പി. ലഭിച്ചിരുന്നുമില്ല.
എന്നാല്‍, ഇടപാട് സംബന്ധിച്ച സന്ദേശം ലഭിച്ചിരുന്നുവെങ്കിലും എവിടെയാണെന്ന് വ്യക്തമാകാത്ത തരത്തിലായിരുന്നു. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയ ഇദ്ദേഹത്തില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. പണം നഷ്ടമാകുന്നതിനുമുമ്പ് നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. അദ്ദേഹം ഏതൊക്കെ ഓണ്‍ലൈന്‍ സൈറ്റുകള്‍വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്നും പോലീസ് അന്വേഷിച്ചു. എന്നാല്‍, ഇവിടെയുള്ള കാര്‍ഡ് ഉപയോഗിച്ച് ഒറ്റത്തവണ പാസ് വേഡ് പോലുമില്ലാതെ വിദേശത്ത് എങ്ങനെ ഇടപാട് നടന്നുവെന്നതാണ് വിശദമായി പരിശോധിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചിട്ടുമില്ല.