ചെന്നൈ: നാമക്കൽ കേന്ദ്രമായി പ്രവർത്തിച്ച സംഘം വിൽപ്പന നടത്തിയ കുട്ടികളുടെ എണ്ണം 30-ൽ അവസാനിക്കില്ലെന്ന് സി.ബി.സി.ഐ.ഡി. പോലീസ്. 30 കുട്ടികളുടെ വിൽപ്പന കഴിഞ്ഞ ദിവസം അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാൽ എണ്ണം ഇനിയും കൂടുമെന്നാണ് കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായ സേലം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ശാന്തിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനം. ശാന്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് സി.ബി.സി.ഐ.ഡി.
വിൽപ്പനയിലെ പ്രധാന ഇടനിലക്കാരിയായിരുന്നു ശാന്തിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.
സി.ബി.സി.ഐ.ഡി.യെ കൂടാതെ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ചെറിയ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാമക്കൽ, കൊടൈക്കനാൽ, വാൽപ്പാറൈ, നീലഗിരി, കൃഷ്ണഗിരി, ധർമപുരി തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ മുൻ നഴ്‌സ് അമുദവല്ലി കുട്ടിയെ വാങ്ങുന്നതിന് തയ്യാറായ ഒരാളുമായി നടത്തിയ സംഭാഷണം പുറത്തായതോടെയാണ് രണ്ടാഴ്ച മുമ്പ് സംഭവം വെളിച്ചത്തായത്. ഏഴ് വർഷം മുമ്പ് സ്വയം വിരമിക്കൽ പദ്ധതി പ്രകാരം സർക്കാർ ആശുപത്രിയിൽ നിന്ന് വിരമിച്ച അമുദവല്ലി കുട്ടികളെ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തുന്നതിൽ സജീവമാകുകയായിരുന്നു. ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പും ഇവർ ഈ കൃത്യം ചെയ്തിരുന്നു.
കുട്ടികളെ വിൽക്കുന്നതിൽ 30 വർഷത്തെ പരിചയമുണ്ടെന്നായിരുന്നു പുറത്തായ ഫോൺ സംഭാഷണത്തിൽ അമുദവല്ലി അവകാശപ്പെട്ടിരുന്നത്. ഇവരുടെ ഭർത്താവ് രവിചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. ഇയാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.
Content Highlights: child trafficking