ചാലക്കുടി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തി കാറില്‍ കൊണ്ടുപോയ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍കൂടി അറസ്റ്റില്‍. കണ്ണൂര്‍ തയ്യില്‍ സ്വദേശികളായ ബൈദുള്‍ഹിലാല്‍വീട്ടില്‍ ഷുഹൈല്‍ (35), ദാറുല്‍അമീന്‍ വീട്ടില്‍ ഷാനവാസ് (25), മല്ലാട്ടിവീട്ടില്‍ മനാഫ് (22), വയനാട് പുല്‍പ്പള്ളി ചക്കാലയ്ക്കല്‍ സുജിത് (24) എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഷുഹൈല്‍ തടിയന്റവിട നസീറിന്റെ സഹോദരനാണ്. ഇയാളാണ് കവര്‍ച്ചയുടെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായി. സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
വിദേശത്തായിരുന്ന ഷുഹൈല്‍ നാട്ടിലെത്തിയശേഷം സംഘാംഗങ്ങളൊത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്ന ആളുകളെ നിരീക്ഷിച്ചുവരുകയായിരുന്നു. അവരെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ഗുണ്ടാസംഘങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി കൊള്ളയടിച്ചശേഷം കവര്‍ച്ചമുതല്‍ പങ്കിട്ടെടുക്കുകയായിരുന്നു പതിവ്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈല്‍ സംഘാംഗങ്ങളുമൊത്ത് അവിടെയെത്തി. ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശി ഷഫീക്ക് എന്ന വാവയെ കവര്‍ച്ച നടത്തുവാന്‍ ഏര്‍പ്പെടുത്തി.
സെപ്റ്റംബര്‍ 14-ന് വാവയും സംഘാംഗങ്ങളും ആഡംബരക്കാറുള്‍പ്പെടെ രണ്ട് കാറുകളിലായി ദേശീയപാതയില്‍ കാത്തുനിന്നു. എന്നാല്‍, ഗുണ്ടാസംഘത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വര്‍ണവുമായി വന്ന വാഹനം ആദ്യം ആലുവയ്ക്ക് പോയി. ഇതുമൂലം രാത്രി കവര്‍ച്ച നടത്താനുള്ള ശ്രമം പാളിയെങ്കിലും സംഘം കാത്തുനിന്നു. 15-ന് പുലര്‍ച്ചെ ആലുവയില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വന്ന വാഹനത്തെ ഗുണ്ടാസംഘങ്ങള്‍ പിന്തുടര്‍ന്നു.
പോട്ട ഫ്‌ളൈഓവറിന് സമീപം സ്വര്‍ണവുമായി വന്ന കാറില്‍ ഇവരുടെ കാറിടിപ്പിച്ച് യാത്ര തടസ്സപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം കൊണ്ടുവന്ന കാര്‍ ഓടിച്ചിരുന്നയാളെ അടക്കം തട്ടിയെടുക്കുകയായിരുന്നു. ഇയാളെ മര്‍ദിച്ച് അവശനാക്കി കൊടകരയ്ക്ക് സമീപം ഇറക്കിവിട്ടു. തുടര്‍ന്ന് സ്വര്‍ണം കൈക്കലാക്കിയശേഷം കാര്‍ ഉപേക്ഷിച്ച് സംഘം തമിഴ്നാട്ടിലേക്ക് കടക്കുകയും പലവഴിക്കായി പിരിയുകയും ചെയ്തു. ലഭിച്ച 564 ഗ്രാം സ്വര്‍ണം പിന്നീട് കണ്ണൂരില്‍ 18 ലക്ഷം രൂപയ്ക്ക് വിറ്റു. സ്വര്‍ണം മുഴുവന്‍ കണ്ണൂരിലെ ജൂവലറിയില്‍നിന്ന് പോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവയുള്‍പ്പെടെ രണ്ടുഘട്ടങ്ങളിലായി നാലുപേര്‍ കോടതിയില്‍ കീഴടങ്ങി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഷുഹൈലടക്കമുള്ളവരുടെ പങ്ക് വ്യക്തമായത്.
ബെംഗളൂരു സ്‌ഫോടനക്കേസ്, കശ്മീര്‍ തീവ്രവാദി റിക്രൂട്ട്മെന്റ് കേസ് എന്നിവയില്‍ പ്രതിയായ തടിയന്റവിട നസീറിന്റെ സഹോദരന്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് തീവ്രവാദിബന്ധം പോലീസ് സംശയിക്കുന്നത്.