ബെംഗളൂരു: വഴിയാത്രക്കാരിയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പോലീസ് വെടിവെച്ചു വീഴ്ത്തി. ബെംഗളൂരു സ്വദേശികളായ കരൺ, സുരേന്ദർ എന്നിവരാണ് പിടിയിലായത്. കുപ്രസിദ്ധമായ ബാവരിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. കാലിനു താഴെ പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികൾ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തി. പോലീസ് പിന്തുടർന്ന് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ രണ്ടുപേരുടെയും കാൽമുട്ടിനു താഴെ വെടിവെച്ച് പിടികൂടുകയായിരുന്നു.
നഗരത്തിലെ ഭൂരിഭാഗം മാല പൊട്ടിക്കൽ കേസുകളും ആസൂത്രണം ചെയ്യുന്നത് ബാവരിയ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ വർഷം മാർച്ചിൽ നഗരത്തിൽ മാല പൊട്ടിക്കൽ സംഘം സജീവമായപ്പോൾ ബാവരിയ സംഘത്തെ അമർച്ച ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. തുടർന്ന് താത്‌കാലികമായി സംഘത്തിന്റെ പ്രവർത്തനം നഗരത്തിൽ നിലച്ചു. രണ്ടു മാസത്തോളമായി നഗരത്തിൽ വീണ്ടും സംഘം സജീവമാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
Content Highlights: chain robbery
Share this Article
Related Topics