ശാസ്താംകോട്ട : പകൽ സമയങ്ങളിൽ വീടുകളിൽ കടന്നു ചെന്ന് മുളകുപൊടി എറിഞ്ഞ് വയോധിക സ്ത്രീകളുടെ മാലപൊട്ടിച്ച് കടക്കുന്ന മൂന്നംഗ മോഷണ സംഘം പോലീസ് പിടിയൽ. സ്ഥിരമായി വാസസ്ഥലമോ മൊബൈൽ ഫോണുകളോ ഉപയോഗിക്കാത്ത സംഘത്തെ കൊല്ലം റൂറൽ എസ്.പി. കെ.ജി.സൈമൺ നേതൃത്വം നൽകിയ മോഷണ വിരുദ്ധ സ്ക്വാഡ് തന്ത്രപരമയാണ് പിടികൂടിയത്.
ആദ്യമായാണ് സംഘം പോലീസ് പിടിയിലാകുന്നത്. ശാസ്താംകോട്ട വേങ്ങയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി മൂന്നര പവന്റെ മാല മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംഘത്തെ വലയിലാക്കുന്നതിന് സഹായകമായത്. കാവനാട് ഇടപ്പാടം വയൽ മുട്ടറ കിഴക്കതിൽ സിദ്ധിഖ് (28), കരിക്കോട് ചപ്പേത്തടം തൊടിയിൽ വീട്ടിൽ നിസാമുദ്ദീൻ (50), കുണ്ടറ മുക്കട ഷൈനി ഭവനിൽ മുരുകൻ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വയോധികരായ സ്ത്രീകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. കിണറുകൾ വൃത്തിയാക്കുന്നത് അന്വേഷിച്ചും ചക്ക, മാങ്ങ എന്നിവ വാങ്ങാനെന്ന വ്യാജേനയും വെള്ളം ചോദിച്ചുമാണ് ഇവർ വീടുകളിലെത്തുന്നത്. അവസരോചിതമാണെന്ന് തോന്നിയാൽ െെകയിൽ കരുതിയിരിക്കുന്ന മുളകുപൊടി വിതറിയും ആക്രമിച്ചും മാലപൊട്ടിച്ച് കടക്കുകയാണ് രീതി.
മുൻകൂട്ടി വീടുകൾ കണ്ടുവച്ചും മോഷണം നടത്താറുണ്ട്. പലസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ഇവരെ പിടിക്കുന്നതിന് സഹായകമായി. കൊട്ടിയം കല്ലുവെട്ടാംകുഴി പൊടിയമ്മ ജോർജ്, കുണ്ടറ പള്ളിമുക്ക് കുണ്ടുകുളത്ത് ആനന്ദവല്ലി എന്നിവരുടെ മാലകൾ കവർന്നത് ഇവരാണെന്ന് തെളിഞ്ഞു.
മോഷണം നടത്തുന്നതിന് ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പി. വി.എസ്.ദിനരാജ്, ശാസ്താംകോട്ട സി.ഐ. ടി.അനിൽകുമാർ, എസ്.ഐ.മാരായ ഉമേഷ്, സതീഷ് ശേഖർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.
Content Highlights: chain robbery