വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാലയും പഴ്‌സും കവർന്നു


1 min read
Read later
Print
Share

കൈകളിൽ മുറുകെപ്പിടിച്ച് കഴുത്തിൽകിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു

തൊടുപുഴ: കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം മോഷണം. വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതിമാരുടെ സ്വർണമാലയും 4000 രൂപ അടങ്ങിയ പഴ്‌സും കവർന്നു.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. കാരിക്കോട് കമ്പക്കാലയിൽ ലീലാമ്മയുടെ നാലു പവനോളം വരുന്ന താലിമാലയും താലിയുമാണ് മോഷ്ടിച്ചത്. ലീലാമ്മയുടെ ഭർത്താവ് ബാലകൃഷ്ണന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് പഴ്‌സ് മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ശൗചാലയത്തിൽ പോകുന്നതിനായി ബാലകൃഷ്ണൻ വീടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഈ സമയം കള്ളൻ വീടിനകത്തുകടന്ന് പതുങ്ങിയിരുന്നെന്നാണ് വീട്ടുകാർ കരുതുന്നത്. മൂന്നുമണിയോടെ ബാലകൃഷ്ണനും ലീലാമ്മയും കിടക്കുന്ന മുറിയിൽകടന്ന കള്ളൻ പഴ്‌സ് മോഷ്ടിച്ചു. പിന്നീട്, ലീലാമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ച് കഴുത്തിൽകിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ ഉണർന്ന ലീലാമ്മ ബഹളംവെച്ചെങ്കിലും പിൻവാതിൽ തുറന്ന് കള്ളൻ രക്ഷപ്പെട്ടു. ശബ്ദംകേട്ട് ലീലാമ്മയുടെ മകനും മരുമകളും എഴുന്നേറ്റ് വീടിനു സമീപം തിരച്ചിൽ നടത്തിയെങ്കിലും കള്ളൻ രക്ഷപ്പെട്ടിരുന്നു.

സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിലും പരിസരത്തും പരിശോധന നടത്തി. വീടിനെക്കുറിച്ച് വ്യക്തമായ അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പിൻവാതിൽ തുറക്കുന്നതിനായി കള്ളൻ വീടിന് സമീപം പതുങ്ങിയിരിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന യുവാക്കളുടെ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ആകെയുള്ള സമ്പാദ്യമായിരുന്ന മാലയാണ് കള്ളൻ കൊണ്ടുപോയതെന്ന് ലീലാമ്മ പറഞ്ഞു. വീടിന്റെ ഒരു ഭാഗം പുതുക്കിപ്പണിയുകയാണ്. ഇതിനായി ബാങ്ക് അക്കൗണ്ടിൽനിന്ന് എടുത്തുവെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ബാലകൃഷ്ണൻ പറഞ്ഞു.

Content Highlight: chain and purse robbery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram