കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍


1 min read
Read later
Print
Share

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു വര്‍ഷമായി അജിത്തിനെ വട്ടം കറക്കുകയായിരുന്നു വില്ലേജ് ഓഫീസര്‍

ശ്രീകണ്ഠപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ പയ്യാവൂര്‍ വില്ലേജ് ഓഫീസര്‍ ചെങ്ങളായി സ്വദേശി എം.പി.സെയ്ദി(38)നെ വിജിലന്‍സ് പിടികൂടി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എ.വി.പ്രദീപും സംഘവുമാണ് പിടികൂടിയത്. പൈസക്കരിയിലെ പള്ളിയമാക്കല്‍ അജിത്കുമാറിനോട് പയ്യാവൂര്‍പൈസക്കരി റോഡില്‍നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.

അജിത്കുമാറിന്റെ കുടുംബസ്വത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് ഒരുവര്‍ഷമായി അജിത്തിനെ വട്ടംകറക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അജിത്ത് വിജിലന്‍സിന് പരാതി നല്‍കിയത്. അരലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചശേഷം ബുധനാഴ്ച രാവിലെ പൈസക്കരി റോഡില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വില്ലേജ് ഓഫീസര്‍ കുടുങ്ങിയത്.

മൂന്നുദിവസമായി ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. സി.ഐ. പി.ശശിധരന്‍, എ എസ്.ഐ.മാരായ കെ.വി.ജഗദീഷ്, കെ.വി.മഹീന്ദ്രന്‍, പി.വി.പങ്കജാക്ഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.നാരായണന്‍, വി.കെ.പ്രകാശന്‍, ടി.വി.ബാബു എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ മനോജ്കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് വിഭാഗത്തിലെ അനില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് വിജിലന്‍സ് സംഘം വില്ലേജ് ഓഫീസില്‍ പരിശോധന നടത്തി.

വില്ലേജ് ഓഫീസര്‍ പിടിയിലായതറിഞ്ഞ് വന്‍ ജനക്കൂട്ടം വില്ലേജ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോള്‍ ജനം കൂകിവിളിച്ചു, വെള്ളക്കുപ്പികള്‍ എറിഞ്ഞു. പയ്യാവൂര്‍ പോലീസ് എത്തിയാണ് വിജിലന്‍സിന് വഴിയൊരുക്കിയത്. തലശ്ശേരി വിജിലന്‍സ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഗുഡ്‌സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram