തിരുവനന്തപുരം: ചാക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന്റെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റിലായി. വള്ളക്കടവ് സംഗമം നഗറില്‍ റ്റി.സി.42/1416ല്‍ താമസിക്കുന്ന ഇമ്രാന്‍(22), ഇയാളുടെ കൂട്ടാളിയും പ്രായപൂര്‍ത്തിയാകാത്ത വെള്ളാര്‍ സ്വദേശിയായ മറ്റൊരാളെയുമാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞയാഴ്ച ബൈപ്പാസിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍വന്ന സെന്റ് സേവ്യേഴ്സ് സ്വദേശി വിഷ്ണുവിന്റെ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ചാക്കയിലെ ആശുപത്രിയില്‍ നിന്ന് ഈ സംഘം മുന്‍പ് മോഷണം നടത്തിയിട്ടുണ്ട്. ചാക്ക ബൈപ്പാസ് കേന്ദ്രീകരിച്ച് ബൈക്കുകള്‍ കവരുന്ന സംഘമാണിതെന്ന് വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.
വഞ്ചിയൂര്‍ ഭാഗത്തുനിന്ന് ബൈക്ക് മോഷണം നടത്തിയശേഷം വിഴിഞ്ഞം-ചപ്പാത്ത്ഭാഗം വഴി പോകുമ്പോള്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസ് ഇയാളെ അറസ്റ്റുചെയ്തു. പാര്‍ക്കുചെയ്തിരുന്ന കാറില്‍നിന്ന് എ.ടി.എം. കാര്‍ഡ് കവര്‍ന്ന് പണമെടുത്ത കേസില്‍ ഇയാള്‍ക്കെതിരേ പൂന്തുറ പോലീസില്‍ കേസുണ്ട്. ബൈക്ക് കവര്‍ന്നകേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലും കഞ്ചാവ് ലഹരി ഗുളികകള്‍ വിറ്റതിന് ഫോര്‍ട്ട് സ്റ്റേഷനിലും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ വി.സുരേഷ്‌കുമാര്‍, വഞ്ചിയൂര്‍ എസ്.ഐ. അശോകന്‍, ഷാഡോ എസ്.ഐ. സുനില്‍ലാല്‍, സിറ്റി ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു