പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകള്‍ മോഷ്ടിച്ചുവില്‍ക്കുന്ന സംഘത്തിലെ വില്‍പ്പനക്കാരനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു. നാട്ടുകല്‍ മാണിക്കപ്പറമ്പ് സ്വദേശി ചോലക്കാപറമ്പില്‍ നഫ്‌സല്‍ നിഷാദ് (21) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ നാട്ടുകല്ലില്‍നിന്നാണ് അറസ്റ്റ്‌ചെയ്തത്.
കഴിഞ്ഞ 15ന് മോഷണസംഘത്തിലെ രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയിരുന്നു. സംഘം മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്ന് മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിന് നഫ്‌സലിനെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വാഹനങ്ങള്‍ കരിങ്കല്ലത്താണി, ചെത്തല്ലൂര്‍, കൊപ്പം, പട്ടാമ്പി, വളാഞ്ചേരി, പെരിന്തല്‍മണ്ണ, സേലം എന്നിവിടങ്ങളിലെത്തിച്ച് ഏജന്റുമാര്‍ മുഖേന കുറഞ്ഞവിലയ്ക്ക് വിറ്റതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വിറ്റുകിട്ടുന്ന പണത്തിന്റെ ചെറിയൊരുഭാഗം നേരത്തേ അറസ്റ്റിലായ മുഹമ്മദലി, റിയാസ് എന്നിവര്‍ക്ക് നല്‍കും. രേഖകള്‍ ഒന്നുമില്ലെന്നുപറഞ്ഞാണ് നഫ്‌സല്‍ വാഹനങ്ങള്‍ വിറ്റിരുന്നത്. ആഡംബര ബൈക്കുകള്‍ അരലക്ഷത്തില്‍ താഴെ വിലയ്ക്ക് കിട്ടുന്നതിനാല്‍ രേഖകളില്ലാതെയും പലയാളുകളും വാങ്ങി ഉപയോഗിച്ചിരുന്നു. വാങ്ങുന്നവര്‍തന്നെയാണ് രജിസ്‌ട്രേഷന്‍ നമ്പറും മറ്റും ചേര്‍ത്തിരുന്നത്.
മോഷ്ടിക്കുന്നതിന്റെ പിറ്റേന്നുതന്നെ സംഘം വാഹനങ്ങള്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വാഹന പൊളികേന്ദ്രങ്ങളില്‍ എത്തിച്ച് രൂപമാറ്റം വരുത്തും. അതിനാല്‍ നഷ്ടപ്പെട്ടയാള്‍ക്ക് വാഹനം പെട്ടെന്ന് തിരിച്ചറിയാനാകില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.
മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ ടൗണ്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വെള്ളയില്‍ ബീച്ച്, മേലാറ്റൂര്‍, തേലക്കാട്, ചെമ്മാണിയോട്, വെട്ടത്തൂര്‍, അരക്കുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും വ്യാപാരസമുച്ചയങ്ങളിലും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് മോഷ്ടിച്ചിട്ടുള്ളതെന്ന് ചോദ്യംചെയ്യലില്‍ പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എം.സി. പ്രമോദ്, ടൗണ്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്.