കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസന്വേഷണത്തിന്റെ ഭാഗമായുള്ള തിരച്ചിലിൽ ക്രൈംബ്രാഞ്ച് കാസർകോട്ടു നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയ ബിലാലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാസർകോട്-കർണാടക അതിർത്തിയിലെ പൈഗളിഗയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. പിസ്റ്റൽ, വാളുകൾ, സ്‌പ്രിങ്ങുകൊണ്ടുള്ള കത്തി, മറ്റ് ആയുധങ്ങൾ, മൊബൈൽ ഫോണുകൾ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ എന്നിവയാണ് കണ്ടെത്തിയത്.
കേസിൽ ബിലാലിന് വെടിവെപ്പിന് ക്വട്ടേഷൻ നൽകിയ കാസർകോട്ടെ ക്വട്ടേഷൻ സംഘം തലവൻ മോനായിയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാസർകോട്ട് പരിശോധന നടത്തിയത്. ബിലാലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കാസർകോട്ടെത്തിയത്. ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്ന സ്ഥലമാണിതെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായി. ഇവിടെ നിന്ന് കുറെയേറെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് വീട്ടിലെത്തുമ്പോൾ 17 വയസ്സുകാരനായ ഒരു ആൺകുട്ടി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 17-കാരൻ നൽകിയ വിവരങ്ങൾ വിശ്വസിക്കാൻ കഴിയുന്നതല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം ബിലാലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. മൂന്നു ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് ബിലാലിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. ബ്യൂട്ടിപാർലറിലേക്ക് വെടിവെപ്പ് നടത്തിയ ബിലാലിനെയും വിപിൻ വർഗീസിനെയും കഴിഞ്ഞയാഴ്ചയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവർക്ക് സഹായം ചെയ്ത അൽത്താഫിനെയും പിടികൂടിയിരുന്നു. ഡി.വൈ.എസ്.പി. ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടിപാർലറിനു നേരെ ഡിസംബർ 15-നാണ് വെടിവെപ്പുണ്ടായത്. ബ്യൂട്ടിപാർലർ ഉടമ നടി ലീന മരിയ പോളിന് അധോലോക കുറ്റവാളി രവി പൂജാരിയുമായുണ്ടായിരുന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചത്.
Content Highlights: beauty parlour shooting case