കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാർലറിലേക്ക് അക്രമിസംഘം വെടിയുതിർത്തത് പരിശീലനത്തിന് ശേഷം.
ആക്രമണത്തിനു മുമ്പ് ഇവർ തോക്കുപയോഗിച്ച് പരിശീലനം നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിനൊപ്പമുണ്ടായിരുന്ന വിപിൻ വർഗീസിനെ ആക്രമണത്തിന് സജ്ജമാക്കുന്നതിനായാണ് പരിശീലനം നടത്തിയതെന്നാണ് നിഗമനം. ഏഴ് തിരയോളം പരിശീലനത്തിന് ഇവർ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ വിപിൻ സംഭവത്തിന് മുമ്പ് ഒരാൾക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അധോലോക നേതാവ് രവി പൂജാരിയാണ് തോക്ക് നൽകിയത്. ഇത് കാസർകോട്ടെ മോനായി എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തലവൻ പ്രതികൾക്ക് എത്തിക്കുകയായിരുന്നു. കേസിൽ മൂന്നു പേരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്.
വെടിവെച്ച ബിലാലിനെയും വിപിനെയും പോലീസിന് നേരത്തേ കസ്റ്റഡിയിൽ ലഭിച്ചിരുന്നു. ഇവർക്ക് സഹായമെത്തിച്ച അൽത്താഫിനെ ശനിയാഴ്ച കസ്റ്റഡിയിൽ ലഭിച്ചു. മൂവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടറെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
താനല്ല ആയുധങ്ങൾ എത്തിച്ചു നൽകിയതെന്ന് കസ്റ്റഡിയിലുള്ള അൽത്താഫ് സ്വകാര്യ ചാനലിൽ പറഞ്ഞത് അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ഈ വീഡിയോയിൽ മോനായിക്ക് കേസിലുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അൽത്താഫിന്റെ താമസസ്ഥലത്തു നിന്ന് അന്വേഷണ സംഘം തോക്കും ബൈക്കും കണ്ടെടുത്തിരുന്നു.
പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടിപാർലറിന് നേരെ ഡിസംബർ 15-നാണ് വെടിവെപ്പുണ്ടായത്. വെടിവെച്ച ശേഷം പ്രതികൾ ഒളിവിൽക്കഴിഞ്ഞ ആലുവ എൻ.എ.ഡി.യിലെ കാടിനകത്തെ ഒളിത്താവളത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ‘അമേരിക്ക’ എന്നറിയപ്പെടുന്ന ഒളിസങ്കേതത്തിൽ പ്രതികളെ എത്തിച്ചാണ് തെളിവെടുത്തത്.
Content Highlights: beauty parlour shooting case