കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത പ്രതികളെ പോലീസ് പിടികൂടുന്നത് നാലു മാസത്തെ അന്വേഷണത്തിനൊടുവിൽ. ആദ്യം ആലുവ എൻ.എ.ഡി. ഭാഗത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ പിന്നീട് കാസർകോട്ടേക്ക് പോയി. അവിടെ നിന്ന് തിരിച്ച് കൊച്ചിയിലെത്തി.
കഴിഞ്ഞ വർഷം ഡിസംബർ 15-നായിരുന്നു സംഭവം. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഉൾപ്പെട്ടതോടെ വെടിവെപ്പിന് വലിയ മാനം കൈ വന്നു. സംഭവം നടക്കുമ്പോൾ നടി സ്ഥലത്തുണ്ടായിരുന്നില്ല. വെടിവെപ്പിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. വഴികൾ പരിചിതമായതു പോലെയാണ് പ്രതികൾ വന്നതും പോയതും. ജാക്കറ്റും ഹെൽമറ്റും ധരിച്ച് വന്നതിനാൽ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് ഇവരെ തിരിച്ചറിയാനായില്ല.
പ്രതികൾ കളമശ്ശേരി മെഡിക്കൽ കോളേജ് ഭാഗത്തു നിന്നാണ് വന്നത്. സീപോർട്ട്-എയർപോർട്ട് റോഡു വഴി വന്ന് ചിലവന്നൂർ ബണ്ട് റോഡുവഴി ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്തു. അതേവഴി തിരികെപ്പോയി എൻ.എ.ഡി. ഭാഗത്ത് കാടിനകത്ത് ‘അമേരിക്ക’ എന്നറിയപ്പെടുന്ന ഒളിസങ്കേതത്തിലാണ് കഴിഞ്ഞത്. പിന്നീട് കാസർകോട്ടേക്ക് പോയി.
കേസ് ക്രൈംബ്രാഞ്ചിന്
കേസ് ആദ്യം അന്വേഷിച്ചത് സൗത്ത് സി.ഐ. സിബി ടോമായിരുന്നു. പിന്നീട്, തൃക്കാക്കര എ.സി.പി. പി.പി.ഷംസിനെ അന്വേഷണം ഏൽപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അദ്ദേഹത്തെ സ്ഥലംമാറ്റിയതിന് തൊട്ടുമുമ്പാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതും ഡിവൈ.എസ്.പി. ജോസി ചെറിയാൻ ചുമതലയേറ്റതും. ആദ്യ അന്വേഷണസംഘം 0.22 കാലിബറുള്ള പെല്ലറ്റ് കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ചും പിന്നീട് ഒരു വെടിയുണ്ട കണ്ടെത്തി. സിനിമാനിർമാതാവായ ഒരു ഡോക്ടറിലേക്ക് അന്വേഷണം എത്തിയതാണ് വഴിത്തിരിവായത്.
നിർമാതാവായ ഡോക്ടർ എവിടെ?
വെടിവെപ്പിനായി പ്രാദേശിക സഹായമൊരുക്കിയ കൊല്ലം സ്വദേശിയായ ഡോക്ടർ ഒളിവിലാണ്. ഇയാൾക്ക് കൊച്ചിയിലെയും പെരുമ്പാവൂരിലെയും ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. കൂടുതൽ അന്വേഷണത്തിലേ ഡോക്ടറുടെ പങ്ക് വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. നടിക്കെതിരേ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പോലീസിനെ നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഏതാനും ദിവസം ബ്യൂട്ടി പാർലറിനു സമീപം നിരീക്ഷണവുമുണ്ടായി. പോലീസിന്റെ ശ്രദ്ധ അയഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായത്. ആക്രമണമുണ്ടാകുമെന്ന വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഇയാൾ നൽകിയ മറുപടി കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാനായി തുനിഞ്ഞെങ്കിലും ഇയാൾ ഒളിവിൽപ്പോയി.
രവി പൂജാരി സെനഗലിൽ
രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായെങ്കിലും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിന്റെ കുറ്റപത്രം ഫ്രഞ്ച് ഭാഷയിലേക്ക് തർജമ ചെയ്ത് ബെംഗളൂരു പോലീസിന് കൈമാറിയിരുന്നു. അവിടെയുള്ള കേസിന്റെ വിവരങ്ങളും ചേർത്ത് വിദേശമന്ത്രാലയം വഴിയാണ് സെനഗലിന് കൈമാറുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചാലേ ഇയാളെ വിട്ടുകിട്ടുമോയെന്ന് വ്യക്തമാകൂ.
അന്വേഷണ സംഘത്തിൽ ഇവരും
പ്രതികളെ അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.എക്സ്. സിൽവസ്റ്റർ, എ.എസ്.ഐ.മാരായ വിനായകൻ, സുരേഷ്, മധുസൂദനൻ, ജോസി, സീനിയർ സി.പി.ഒ.മാരായ ബിനു, അനിൽ കുമാർ, ഹരികുമാർ, ഡിനിൽ, റക്സിൻ പൊടുത്താസ് എന്നിവർ ഉൾപ്പെടുന്നു.
Content Highlights: beauty parlour firing case