കൊച്ചി: നടി ലീന മരിയപോളിന്റെ ബ്യൂട്ടിപാർലറിനു നേരെ വെടിവെച്ചത് അധോലോക നായകൻ രവി പൂജാരിയുടെ സംഘത്തിൽപ്പെട്ടവരെന്ന് ക്രൈംബ്രാഞ്ച്. പ്രതികളെ രണ്ടുപേരെയും ബ്യൂട്ടിപാർലറിലെത്തിച്ച് തെളിവെടുത്ത ശേഷമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(സാമ്പത്തിക കുറ്റകൃത്യ വിഭാഗം)യിൽ ഹാജരാക്കിയ പ്രതികളെ 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ആലുവ എൻ.എ.ഡി. കോമ്പാറ ഭാഗത്ത് വെളുംക്കോടൻ വീട്ടിൽ ബിലാൽ (25), കടവന്ത്ര കസ്തൂർബാനഗർ ലെനിൻ പുത്തൻചിറ വീട്ടിൽ വിപിൻ വർഗീസ് (30) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ച് ഐ.ജി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജോസി ചെറിയാൻ, ഇൻസ്പെക്ടർ പി.എസ്. ഷിജു എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. പ്രതികളെ സഹായിച്ച അൽത്താഫ് എന്നൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട്ടുകാരനായ മറ്റൊരാളെയും തിരയുന്നു.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ തെളിവെടുപ്പിനായി പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാർലറിലെത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതികൾ ബ്യൂട്ടിപാർലറിനു സമീപം ബൈക്കിലെത്തി സാഹചര്യം മനസ്സിലാക്കി. തിരക്കില്ലാത്ത സമയം നോക്കി ബ്യൂട്ടിപാർലറിന്റെ താഴെയെത്തി ബൈക്ക് പാർക്ക് ചെയ്തു. ഹെൽമെറ്റും ജാക്കറ്റുമണിഞ്ഞെത്തിയ പ്രതികൾ പടികൾ കയറി ഒന്നാം നിലയിലെ ബ്യൂട്ടിപാർലറിന് സമീപത്തേക്ക് കയറിച്ചെന്ന് രണ്ട് റൗണ്ട് വെടിയുതിർത്തു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് ഉപേക്ഷിച്ച് ബൈക്കിൽ സ്ഥലം വിട്ടു. കാസർകോട്ടെ ക്രിമിനൽ സംഘം വഴിയാണ് രവി പൂജാരി ഇവർക്ക് ക്വട്ടേഷൻ നൽകിയത്.
വെടിയുതിർക്കാൻ ഉപയോഗിച്ച ഒരു റിവോൾവറും പിസ്റ്റളും ജാക്കറ്റുകളും ഹെൽമെറ്റും പ്രതികളിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. വെടിവെപ്പിനായി പ്രാദേശിക സഹായം നൽകിയ കൊല്ലം സ്വദേശിയായ ഡോക്ടർ ഒളിവിലാണ്. കേസിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇയാളുടെ വീടുകളടക്കം രണ്ടു കേന്ദ്രങ്ങൾ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തിരുന്നു.
പിടിയിലാകില്ലെന്ന വിശ്വാസത്തിൽ പ്രതികൾ കൊച്ചി നഗരത്തിൽത്തന്നെ കഴിയുകയായിരുന്നുവെന്ന് ഐ.ജി. എസ്. ശ്രീജിത്ത് പറഞ്ഞു. പ്രതികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്കെത്തിച്ചത്. വിപിനെ വ്യാഴാഴ്ച രാത്രി അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാൾ ബിലാലിന്റെ പങ്കും വെളിപ്പെടുത്തി.
ഡിസംബർ 15-നാണ് നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പിന് ഒരു മാസം മുമ്പ് രവി പൂജാരി നടി ലീനയെ ഫോണിൽ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ സ്ഥാപനവും താമസസ്ഥലവും വെടിവെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.
Content Highlights: Beauty Parlor Shooting case