ബെംഗളൂരു: നോട്ടുനിരോധനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക തിരിമറിയില്‍ സി.ബി.ഐ. അന്വേഷണം ഭയന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതെന്ന് സൂചന. മൈസൂര്‍ റോഡ് ശാഖയിലെ ഹെഡ് കാഷ്യര്‍ ജി. രവിരാജി(57)നെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രേഖകളില്ലാത്ത 20 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി പുതിയ രണ്ടായിരത്തിന്റെ കറന്‍സികള്‍ രവിരാജ് നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണം നടത്തി.
കൂടുതല്‍ ചോദ്യംചെയ്യലിനായി രവിരാജിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ടായിരുന്നു. മറ്റു ശാഖകളിലേക്ക് കറന്‍സികള്‍ മാറ്റുന്നതിന്റെ ചുമതലയായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്.
അതേസമയം, രവിരാജ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം ബന്ധുക്കള്‍ നിഷേധിച്ചു. 1978ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ ക്ളര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതാണ് രവിരാജ്.
ഇത്രയുംനാളത്തെ ജോലിയില്‍ ഒരു വീഴ്ചപോലും വരുത്തിയിട്ടില്ലെന്ന് സഹോദരന്‍ ജി. ഗോപാല്‍രാജ് പറഞ്ഞു. വിവേക് നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this Article
Related Topics