തിരുവനന്തപുരം: കാറപകടത്തിനുശേഷം വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചികിത്സയില്‍ കഴിയവേ ബാലഭാസ്‌കറിനെ സന്ദര്‍ശിച്ചവരെക്കുറിച്ച് ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
ചികിത്സാ സമയത്തെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ച് ആശുപത്രിയിലുണ്ടായിരുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പിയാണ്. തമ്പിയെ കഴിഞ്ഞദിവസം കാക്കനാട് ജയിലില്‍ ചോദ്യംചെയ്തിരുന്നു. തമ്പി പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും നിജസ്ഥിതിയും അന്വേഷിക്കാനാണ് ഡോക്ടര്‍മാരുടെ സഹായം തേടുന്നത്.
ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും മാനേജര്‍ വിഷ്ണുവും തടഞ്ഞെന്നായിരുന്നു ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ പരാതി.
ബാലഭാസ്‌കറിന്റെ അക്കൗണ്ട് വിവരങ്ങള്‍, പണമിടപാടുകള്‍ എന്നിവയാണ് ബാങ്കുകളില്‍നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുനാണെന്ന നിഗമനത്തിലെത്തിയെങ്കിലും പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടില്ല.
ഇയാള്‍ ഒളിവിലാണ്.
ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജര്‍ വിഷ്ണുവിന് ബന്ധമുണ്ടായിരുന്ന ഫ്‌ളാറ്റ് നിര്‍മാതാവുമായുള്ള സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഫ്‌ളാറ്റ് വാങ്ങാന്‍ മുന്‍കൈയെടുത്തത് വിഷ്ണുവാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വിഷ്ണുവും ഒളിവിലാണ്.
Content Highlight: Balabhaskar death;crime branch take statement from doctors