കോട്ടയം: അര്‍ധരാത്രി പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച ശേഷം ഓഫീസ് കുത്തി തുറന്ന് ഒന്നര ലക്ഷം രൂപ കവര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെ പാമ്പാടി കാളച്ചന്ത ജങ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. ആക്രമണത്തില്‍ പമ്പിലെ ജീവനക്കാരന്‍ പാമ്പാടി തോപ്പില്‍ അനീഷിന് (26) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പമ്പിലുണ്ടായ മറ്റൊരു ഇതരസംസ്ഥാനക്കാരനായ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി.
രാത്രി 11 മണിയോടെ ജീവനക്കാരനായ അനീഷ് വീട്ടിലേക്ക് പോയി. ഈ സമയമാണ് മോഷ്ടാക്കള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് ഓഫീസ് തകര്‍ത്ത് അകത്തു കയറിയ സംഘം പണപ്പെട്ടി കുത്തി തുറന്നു. കവര്‍ച്ച നടത്തുന്നതിനിടെ ജീവനക്കാരന്‍ തിരിച്ചെത്തി. സംഭവംകണ്ട് ഓഫീസിലേക്ക് കയറിയയുടന്‍ അക്രമികള്‍ ഇയാളെ തലയ്ക്കക്കടിച്ച് താഴെയിട്ടു. തുടര്‍ന്ന് കൈകള്‍ കൂട്ടിക്കെട്ടി മുറിയുടെ പിന്നിലേക്ക് മാറ്റിയിട്ടു. ശബ്ദം കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയേയും മര്‍ദിച്ച് മുറിയിലിട്ട് പൂട്ടി. ഈ സമയം പമ്പിലേക്ക് വാഹനം വരുന്നത് കണ്ട് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
പമ്പിന്റെ സമീപത്തു കൂടി വാഹനവുമായി വന്നയാളോടു അനീഷ് മോഷണത്തിന്റെ വിവരം പറഞ്ഞു. തുടര്‍ന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍, പാമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.ശ്രീജിത്ത്, എസ്.ഐ. ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
ഇതര സംസ്ഥാനക്കാരായ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്നു കരുതുന്നു. ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി കടന്നു കളയുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മണര്‍കാട് നിന്ന് പോലീസ് കണ്ടെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. കോട്ടയത്തു നിന്നു ഓട്ടം പോയി മടങ്ങി വരുമ്പോള്‍ ഓട്ടം വിളിച്ച ഇതര സംസ്ഥാനക്കാരന്‍ വട്ടമലപ്പടിയിലെത്തിയ ശേഷം ഇവിടെ നിന്നിരുന്ന മൂന്നു പേരെയും കൂട്ടി തിരികെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലിറങ്ങുകയായിരുന്നുവെന്നു ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിനുശേഷം ഒളിച്ചിരുന്ന സംഘാഗങ്ങളായിരുന്നു ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇടുക്കി ജില്ലയിലേക്കു മോഷ്ടാക്കള്‍ പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം വിവിധ ടീമുകളായി അന്വേഷണം തുടരുകയാണ്.
Content highlights: Crime news, Robbery, Police station, Kottayam, Petrol pump