ചെങ്ങന്നൂര്‍: എ.ടി.എം. തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചത് ന്യൂഡല്‍ഹി ആര്‍.കെ.പുരം ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാന്‍ ആണെന്ന് പോലീസിന് വിവരം ലഭിച്ചു. കേരളത്തില്‍നിന്ന് പോയ പോലീസ് സംഘം ഹരിയാണ പോലീസും ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്. അനുമതിയില്ലാതെ ദീര്‍ഘനാളായി അവധിയെടുത്ത ഇയാള്‍ സസ്‌പെന്‍ഷനിലാണെന്ന് പോലീസ് പറഞ്ഞു. അസ്‌ലൂപ് ഖാന്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കുവേണ്ടി കേരള പോലീസ് ഹരിയാണയില്‍ തിരച്ചില്‍ നടത്തുകയാണ്.
അതേസമയം മോഷണത്തിന് സഹായിയായി പ്രവര്‍ത്തിച്ച ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശി സുരേഷ്‌കുമാറിനെ (37) പാട്യാല ചീഫ് മെട്രോപോളിറ്റന്‍ കോടതിയില്‍ ഹാജരാക്കി. യാത്രാനുമതി ലഭിച്ചതിനാല്‍ ഇയാളുമായി തീവണ്ടിമാര്‍ഗം ഒരുസംഘം പോലീസുകാര്‍ ചെങ്ങന്നൂരിലേക്ക് തിരിക്കും.
കഴിഞ്ഞദിവസമാണ് സുരേഷ് പോലീസ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതിലൂടെയാണ് മോഷ്ടാക്കളെപ്പറ്റിയുള്ള കൃത്യമായ വിവരം പോലീസിന് ലഭിച്ചത്. മോഷണത്തിനുള്ള സാങ്കേതിക ഉപദേശവും സഹായവും സുരേഷാണ് നല്‍കിയതെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചതായി അറിയുന്നു. ഡല്‍ഹിയില്‍ കുറച്ചുകാലം എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന ജീവനക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇലക്ട്രോണിക്‌സ് രംഗത്തെ പരിചയവും പ്രതിക്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സൂക്ഷ്മമായി എ.ടി.എം. തകര്‍ക്കാന്‍ ഈ അറിവാണ് സഹായകരമായത്. ഡല്‍ഹിയില്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മാണ കമ്പനിയിലാണ് സുരേഷ് ജോലിചെയ്യുന്നതെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. 20 വര്‍ഷമായി ഇയാള്‍ ഡല്‍ഹിയില്‍ത്തന്നെയാണ് താമസം.