കഴക്കൂട്ടം: അമ്പലത്തിന്‍കരയില്‍ എ.ടി.എം. കുത്തിത്തുറന്ന് പത്തുലക്ഷത്തിലധികം രൂപ കവര്‍ന്ന കേസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. എ.ടി.എമ്മിലെ ക്യാമറ കേടായിരുന്നെങ്കിലും സമീപത്തെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇതിനുസമീപത്തുള്ള നാലുക്യാമറകളും പോലീസിന്റെ രണ്ടുക്യാമറകളും പരിശോധിച്ചതില്‍ നിന്നാണ് മൂന്നുവാഹനങ്ങള്‍ സംശയാസ്പദമായ രീതിയില്‍ കടന്നുപോയെന്ന് കണ്ടെത്തിയത്. രാത്രി രണ്ടിനും മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഈ സമയത്തിനിടയില്‍ ഇരുഭാഗത്തേക്കും പോയ വാഹനങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കഴക്കൂട്ടം ബൈപ്പാസ് ജങ്ഷനിലെയും കാര്യവട്ടം സര്‍വകലാശാലാ കാമ്പസിന് മുന്നിലെയും പോലീസിന്റെ ക്യാമറകളില്‍നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
ഇതില്‍ വെള്ളനിറത്തിലുള്ള വാഹനം രാത്രി രണ്ടിനുശേഷം കഴക്കൂട്ടം കടന്നുപോയെങ്കിലും ഇത് കാര്യവട്ടം കടക്കാന്‍ സാധാരണയിലും കൂടുതല്‍ സമയം എടുത്തിട്ടുണ്ട്. ഇതേ വാഹനം കുറച്ചുസമയത്തിനുശേഷം തിരിച്ചുപോയി. എ.ടി.എമ്മിലെ ക്യാമറയുടെ കേബിളുകള്‍ മോഷ്ടാക്കള്‍ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം മാരാരിക്കുളത്തുനടന്ന മോഷണവുമായി ഇതിന് ഏറെ സമാനതകളുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് പോലീസ്. രണ്ടുസംഘങ്ങളും സംയുക്തമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. മാരാരിക്കുളത്തും മുഖം ക്യാമറയില്‍ പതിയാത്ത തരത്തില്‍ തൊപ്പിധരിച്ച് മുഖം മറച്ചുകയറിയ സംഘമാണ് മോഷണം നടത്തിയത്.
ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ സ്ഥലത്ത് ഇറക്കിയശേഷം വാഹനം മാറ്റിയിടുകയും തിരിച്ചെത്തുകയും ചെയ്തു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം കോളുകള്‍ പരിശോധിക്കേണ്ടിവരും. പോലീസ് സൈബര്‍ സെല്ലാണ് ഈ പരിശോധന നടത്തുന്നത്. ഇതിന് ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്.
കാര്യവട്ടം മുതല്‍ വെട്ടുറോഡ് വരെയുള്ള രണ്ട് കിലോമീറ്ററോളം സ്ഥലത്ത് പോലീസിന്റെ പതിനഞ്ചോളം ക്യാമറകളും, സ്ഥാപനങ്ങള്‍ സ്ഥാപിച്ച വേറെയും ക്യാമറകളുമുണ്ട്. ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നാലുമണിക്കൂര്‍ വരെ വേണ്ടിവരും. ഇത് പൂര്‍ണമായാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.