തൃപ്പൂണിത്തുറ: എറണാകുളത്തെ ഇരുമ്പനത്തും തൃശ്ശൂരിലെ കൊരട്ടിയിലും എ.ടി.എം. തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി പപ്പി (32) എന്നയാളെയാണ് അന്വേഷണോദ്യോഗസ്ഥനായ തൃപ്പൂണിത്തുറ സി.ഐ. ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ വലയിലുണ്ടെന്നാണ് സൂചന.
പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഡല്‍ഹി പോലീസിനുള്‍പ്പെടെ അയച്ചു കൊടുത്തിരുന്നു. ഇതേ തുടര്‍ന്ന് പപ്പിയെ ഡല്‍ഹി ക്രൈംബ്രാഞ്ചാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിഹാര്‍ ജയിലിലായി. കോടതിയുടെ അനുമതിയോടു കൂടിയാണ് തൃപ്പൂണിത്തുറ സി.ഐ. ജയിലിലെത്തി കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം തൃപ്പൂണിത്തുറ കോടതിയില്‍ താമസിയാതെ ഹാജരാക്കും.
കഴിഞ്ഞ ഒക്ടോബര്‍ 12-ന് പുലര്‍ച്ചെയാണ് ഇരുമ്പനം പുതിയ റോഡ് കവലയ്ക്ക് സമീപമുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. അഞ്ചംഗ സംഘം തകര്‍ത്ത് 25 ലക്ഷത്തോളം രൂപ കവര്‍ന്നത്. ഈ സംഘം തന്നെയാണ് തൃശ്ശൂരിലും ഇതേ ദിവസം തന്നെ എ.ടി.എം. തകര്‍ത്ത് 10 ലക്ഷം രൂപ കൊള്ളയടിച്ചതെന്നും കോട്ടയത്തു നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
രാജസ്ഥാന്‍, ഹരിയാണ സ്വദേശികളായ പ്രൊഫഷണല്‍ കവര്‍ച്ച സംഘമാണിതെന്നും പോലീസിന് അറിയാന്‍ കഴിഞ്ഞിരുന്നു. പ്രതികളില്‍ മറ്റു ചിലര്‍ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലകപ്പെട്ടതായും അറിയുന്നു. തൃപ്പൂണിത്തുറയില്‍നിന്നും കോട്ടയത്തുനിന്നുമുള്ള പോലീസ് സംഘം പ്രതികളെ തേടി ഒരാഴ്ചയിലേറെയായി രാജസ്ഥാന്‍, ഹരിയാണ സംസ്ഥാനങ്ങളിലുണ്ട്.