ചവറ: എ.ടി.എം. വഴി ഒന്‍പത് ലക്ഷത്തോളം രൂപ നഷ്ടമായി എന്ന പരാതിയുമായി ദമ്പതിമാര്‍ പോലീസിനെ സമീപിച്ചു. ചവറ കുന്നത്തൂര്‍ തെക്കതില്‍ ദിനേശ് ബാബുവിന്റെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. വിദേശത്ത് ജോലിയുള്ള ദിനേശ്ബാബുവും ഭാര്യ ശ്രുതി കൃഷ്ണയുമാണ് ചവറ പോലീസില്‍ പരാതി നല്‍കിയത്.
ദിനേശ് ബാബു എന്‍.ആര്‍.ഇ. അക്കൗണ്ടിലേക്കയച്ച പണമാണ് നഷ്ടമായത്. അവധിക്ക് നാട്ടില്‍ വന്ന ദിനേശ് കഴിഞ്ഞ ഏപ്രില്‍ 18ന് തന്റെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴായി നിക്ഷേപിച്ച ഒന്‍പത് ലക്ഷം രൂപ നഷ്ടമായതായി അറിയുന്നത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
തട്ടാശ്ശേരി, കരുനാഗപ്പള്ളി, കായംകുളം, കൊല്ലം എസ്.എന്‍.കോളേജ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകള്‍ വഴിയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പോലീസിനോട് പറഞ്ഞു. എ.ടി.എം. കാര്‍ഡ് തന്റെ കൈയിലാണെന്നും താനറിയാതെ ഇത്രയും തുക എങ്ങനെ നഷ്ടപ്പെട്ടുവെന്നുമാണ് ശ്രുതി കൃഷ്ണ ചോദിക്കുന്നത്. എന്‍.ആര്‍.ഇ. അക്കൗണ്ടിലെത്തുന്ന പണം എസ്.ബി. അക്കൗണ്ടിലേക്ക് മാറ്റുന്ന ദിവസംതന്നെയാണ് വിവിധ എ.ടി.എമ്മുകള്‍ വഴി പണം നഷ്ടമായതെന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണമെന്ന് ശ്രുതി പറയുന്നു.
എന്നാല്‍ ബാങ്കിന് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ അറിയാതെ പണം നഷ്ടമാകില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം ഉടമയറിയാതെ നഷ്ടപ്പെട്ടുവെന്ന് പരാതിയുള്ളതിനാല്‍ പണം നഷ്ടമായ ദിവസത്തെ എ.ടി.എം. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ചവറ സി.ഐ. ഗോപകുമാറും എസ്.ഐ. ജയകുമാറും അറിയിച്ചു. ചവറ ശങ്കരമംഗലത്തെ എസ്.ബി.ഐ. ശാഖയിലാണ് ദിനേശ്ബാബുവിന് അക്കൗണ്ടുള്ളത്.