പാലക്കാട്: മലമ്പുഴ നൂറടിറോഡിൽ നീരാട്ടുഗണപതി ക്ഷേത്രത്തിന് സമീപമുള്ള സിൻഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ മൂന്നുപേരിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേർ പിടിയിൽ. സേലം സിരുവാച്ചൂർ ആത്തൂർ സ്വദേശിയായ മാധവനും (19), മറ്റൊരു സേലം സ്വദേശിയുമാണ് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.
ശനിയാഴ്ച രാത്രി 12-ഓടെയാണ് സംഭവം. എ.ടി.എമ്മിലെ പണം പുറത്തേക്കുവരുന്ന ഭാഗം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പായുധം ഉപയോഗിച്ചായിരുന്നു മോഷണശ്രമം. മോഷണശ്രമം നടത്തിയത് മൂന്നു പേരാണെന്നും ബൈക്കിലാണ് ഇവരെത്തിയതെന്നും വസ്ത്രധാരണത്തിൽ സാമ്യമുണ്ടെന്നുള്ള വിവരങ്ങളും എ.ടി.എമ്മിലെയും സമീപത്തെ കടയിലെയും സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെയോടെ ഒലവക്കോട് ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. സേലത്തുനിന്ന് ശനിയാഴ്ച വൈകീട്ട് 6.45ഓടെ പാലക്കാട്ടെത്തിയ മൂവരും നേരത്തെതന്നെ കവർച്ച നടത്താനുള്ള ബാങ്ക് എ.ടി.എമ്മുകൾ നോക്കിവെച്ചിരുന്നതായി പോലീസ് പറഞ്ഞു. മോഷണശ്രമം വിജയിക്കാതായതോടെ അകത്തേത്തറ ഭാഗത്തേക്കുപോയി.
അവിടെയുള്ള ബേക്കറിയിൽനിന്ന് 4,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് ഭാഗത്തെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഹേമാംബികനഗർ പോലീസ് സംഘം പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, ഇവരെ ടൗൺ നോർത്ത് പോലീസിന് കൈമാറി.
തമിഴ്നാട്ടിലും മോഷണ ശ്രമം
ജനുവരിയിൽ തലൈവാസലിൽ എ.ടി.എം. പൊളിക്കാൻ ശ്രമിച്ചിരുന്നു. ഇതുകൂടാതെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിരവധി എ.ടി.എം. മോഷണശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ പണം നഷ്ടപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Content Highlight: atm robbery: two men arrested