മൂവാറ്റുപുഴ: അന്തസ്സംസ്ഥാന എ.ടി.എം. തട്ടിപ്പുകാരനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ചിന്റുവാഡ ജില്ലയിലെ പാണ്ടൂർണ താലൂക്ക് ടീഗോൺ വില്ലേജിലെ മുഹമ്മദ് ഷക്കീൽ ദിവാ (28) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ.എം. ബിജുമോന്റെ നേതൃത്വത്തിൽ എ.ടി.എം. തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഇയാൾ വലയിലായത്. സമാനമായ കേസിൽ രാജസ്ഥാൻ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും തട്ടിപ്പ് നടത്തി വരുന്നതിനിടെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പട്ടിമറ്റം വലമ്പൂർ മേലെത്തു വീട്ടിൽ ബേസിലിന്റെ ഐ.സി.ഐ.സി.ഐ. ബാങ്ക് അക്കൗണ്ടിൽനിന്ന് 5,15,000 രൂപ മധ്യപ്രദേശിലെ ദെമോ, ചിൻഡ്വാഡാ, നരസിംഗ്പുർ ജില്ലകളിലെ അക്കൗണ്ടുകളിലേക്ക് നെറ്റ് ട്രാൻസ്‌ഫർ വഴി മാറ്റി പിൻവലിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാൾ വലയിലായത്.
മൂവാറ്റുപുഴ ഇൻസ്പെക്ടർ സി. ജയകുമാർ, എ.എസ്.ഐ.മാരായ എം.എം. ഷമീർ, പി.കെ. സലിം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൽജൂ പോൾ, ജിമ്മോൻ ജോർജ് എന്നിവർ ചേർന്ന് ഇയാളുടെ ഒളിത്താവളത്തിൽനിന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കൂട്ടു പ്രതികൾക്കും മുഖ്യ സൂത്രധാരന്മാർക്കുമായി അന്വേഷണം നടക്കുമെന്നും കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. കെ.എം. ബിജുമോൻ പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങളിൽ ലക്ഷങ്ങളുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ കാണുന്നത്. ഇയാൾക്കൊപ്പം രാജസ്ഥാൻ ജയിലിൽ എ.ടി.എം. തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആശിഷ് ഷിൻഡേ കൂട്ടുപ്രതിയാണ്. ഇയാളും ഉന്നത വിദ്യാഭ്യാസമുള്ള സംഘാംഗങ്ങളും കൂടി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോടികളുടെ തട്ടിപ്പുകൾ നടത്തിയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Content Highlight: atm robbery: man arrested