തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൈതമുക്കിന് സമീപം നടന്ന എ.ടി.എം കവര്‍ച്ചാശ്രമത്തില്‍ ഒരാളുടെ ക്യാമറാ ദൃശ്യം പോലീസിന് ലഭിച്ചു. എ.ടി.എം. മെഷീനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4.29-ന് ഒരാള്‍ മെഷീന്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്. ഈ സമയത്തിന് മുന്‍പ് മെഷീന്‍ ഉപയോഗിച്ച ഒരാളുടെ ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അയാളെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം ഉപയോഗിച്ചയാളെ കണ്ടെത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച വ്യക്തതയുണ്ടാകൂ. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
4.29-ന് ലഭിച്ച ക്യാമറാ ദൃശ്യത്തിനു ശേഷം മെഷീനുള്ളിലെ ക്യാമറയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ഈ സമയത്ത് എ.ടി.എം. കൗണ്ടറില്‍ എത്തിയത് പ്രായം ചെന്ന ഒരാളാണെന്നും ദൃശ്യങ്ങളില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇയാളുടെ കൈവശം ഒരു തുണ്ടുപേപ്പര്‍ ഉള്ളതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ശേഷം ഏതാനുംപേര്‍ എ.ടി.എമ്മില്‍ എത്തി ഇടപാട് നടത്തുന്നതിന്റെ ദൃശ്യം ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. എം.ടി.എം. മെഷീന് പിന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് സാധ്യതയില്ല. എ.ടി.എമ്മിന്റെ ഉള്ളിലുണ്ടായിരുന്ന ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഹൈടെക് സെല്ലില്‍ പരിശോധന നടത്തുന്നുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എ.ടി.എം. മെഷീന്റെ മുന്‍ഭാഗം ഇളക്കിയ നിലയില്‍ കിടക്കുന്നത് സമീപത്തെ കച്ചവടക്കാരും മറ്റും കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവര്‍ച്ചാശ്രമമാണെന്ന് മനസ്സിലായത്. മെഷീന്റെ മുന്‍ഭാഗം ഇളക്കിയ നിലയിലും വയറുകള്‍ പൊട്ടിച്ച നിലയിലുമായിരുന്നു.
പണം വയ്ക്കുന്ന ട്രേയും ഇളക്കിയിരുന്നു. എന്നാല്‍ പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്വ്കാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കൗണ്ടറില്‍ നിന്ന് എട്ട് വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. ഇവയുടെ പരിശോധനയും തുടരുന്നുണ്ട്.