കണ്ണൂര്‍: ഇരിക്കൂറിലെ കനറാ ബാങ്ക് എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചശ്രമം. ഷട്ടര്‍ തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ എ.ടി.എം. കൗണ്ടര്‍ ഇളക്കിമാറ്റാനുള്ള ശ്രമം നടത്തി. മോണിറ്ററും പണം പുറത്തേക്കുവരുന്ന ഭാഗവും തകര്‍ത്തു. സമീപത്തെ ഇലക്ട്രോണിക്സ് കടയില്‍ താമസിച്ചിരുന്ന ജീവനക്കാരന്‍ ശബ്ദംകേട്ട് അന്വേഷിച്ചതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു.
ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് 100 മീറ്ററോളം അകലെ ഇരിട്ടി റോഡിലാണ് ബാങ്ക് സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കെത്തിയത്. സമീപത്തെ കെ.എസ്.ഇ.ബി. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെനിലയില്‍ ബാങ്കിന് തൊട്ടടുത്താണ് എ.ടി.എം. കൗണ്ടര്‍.
ബൈക്കിലെത്തിയ രണ്ടുപേര്‍ എ.ടി.എമ്മിന്റെ 100 മീറ്റര്‍ അകലെ ബൈക്ക് നിര്‍ത്തിയശേഷം ഒരാള്‍ എ.ടി.എമ്മില്‍ കയറി. മറ്റെയാള്‍ സമീപത്തെ കെ.എസ്.ഇ.ബി. ഓഫീസ് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പില്‍ കയറിയിരുന്നു. എ.ടി.എം. തകര്‍ക്കുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഇടയ്ക്കിടെ അയാള്‍ ജീപ്പിന്റെ ഡോര്‍ അടച്ചുകൊണ്ടിരുന്നതായും പറയുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് സമീപ കെട്ടിടത്തില്‍ താമസിക്കുന്ന ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരന്‍ ശബ്ദംകേട്ട് ജനല്‍ തുറന്നുനോക്കിയത്. അപ്പോള്‍ ജീപ്പിന്റെ ഡോര്‍ അടയുന്നില്ല എന്ന സംസാരവും നടത്തി സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാരാണെന്നു കരുതി കൂടുതല്‍ കാര്യം അന്വേഷിച്ചതുമില്ല. രാത്രികാല പട്രോളിങ്ങിന്റെ ഭാഗമായി നാലുമണിയോടെ ഇരിക്കൂര്‍ എസ്.ഐ. ഗോവിന്ദന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കവര്‍ച്ചശ്രമം അറിയുന്നത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സി.ഐ. സുനില്‍കുമാര്‍, എ.വി.ജോണ്‍, ഇരിക്കൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. രജീഷ് തെരുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 12 മണിയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പാന്റ്സും ഷര്‍ട്ടും ധരിച്ച് മുഖംമൂടി ധാരികളായ രണ്ടുപേര്‍ എ.ടി.എം. തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.