കോഴിക്കോട്: കോഴിക്കോട്ട് വ്യാജ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംകവര്‍ന്ന കേസില്‍ മൂന്നുപ്രതികളെ തിരിച്ചറിഞ്ഞു. കസബ പോലീസിന്റെ പിടിയിലായ കാസര്‍കോട് സ്വദേശിയുടെ അറസ്റ്റ് തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന. മറ്റുരണ്ട് പ്രതികളും ഇയാളുടെ സുഹൃത്തുക്കളാണ്. പ്രതികളായ മൂന്നുയുവാക്കളും ഇതിനുമുമ്പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തിന് പുറത്തുപോയി പണമെടുത്താല്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ കോയമ്പത്തൂരിലെ പിച്ചാനൂരില്‍ എത്തിയത്. സംസ്ഥാനം വിട്ടാല്‍ ആദ്യം കാണുന്ന എ.ടി.എമ്മില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു തീരുമാനം.
ജനുവരി എട്ട്, പതിനൊന്ന് തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. എ.ടി.എം. കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച് രഹസ്യനമ്പര്‍ മനസ്സിലാക്കുകയും സ്‌കിമ്മര്‍ ഉപയോഗിച്ച് ഡേറ്റാകാര്‍ഡ് വിശദാംശങ്ങള്‍ പകര്‍ത്തിയുമാണ് മോഷണം നടത്തിയത്. ഇവ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മിച്ച് പണം കവരുകയായിരുന്നു. ഇവര്‍ക്ക് സഹായങ്ങളൊരുക്കിയെന്ന് സംശയിക്കുന്ന ചിലരും പോലീസ് നിരീക്ഷണത്തിലാണ്.
പണം അപഹരിച്ച രണ്ടുപേരുടെയും ചിത്രങ്ങള്‍ എ.ടി.എം. കൗണ്ടറുകളിലെ ക്യാമറയിലും സമീപസ്ഥാപനങ്ങളിലെ സി.സി.ടി.വി.യിലും പതിഞ്ഞിരുന്നു. ചേവായൂര്‍, കസബ, നടക്കാവ്, ചെമ്മങ്ങാട്, താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പരാതികള്‍ രേഖപ്പെടുത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ എ.ടി.എം.കൗണ്ടറുകളില്‍നിന്ന് 90,523 രൂപയാണ് നഷ്ടപ്പെട്ടത്. ഇടപാടുകാര്‍ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ അടുത്തദിവസമാണ് കോയമ്പത്തൂരില്‍നിന്ന് പണം നഷ്ടമാകുന്നത്.
Content highlights: Kasaragod,Arrest, ATM robbery