കൊച്ചി: വ്യാജ എ.ടി.എം. കാർഡുപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷാബിറിന്റെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചി സ്വദേശിയാണ് പ്രധാന പ്രതിയെന്നാണ് കണ്ടെത്തൽ. ഇയാളാണ് എ.ടി.എം. കാർഡിന്റെ വിവരങ്ങൾ ചോർത്തി വ്യാജ എ.ടി.എം. കാർഡുകളുണ്ടാക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്.
പെട്രോൾ പമ്പുകളിൽ നിന്നാണ് എ.ടി.എം. കാർഡുകളുടെ വിശദാംശങ്ങൾ സ്കിമ്മർ ഡിവൈസിലേക്ക് ചോർത്തിയത്. നഗരത്തിലെ മൂന്ന് പെട്രോൾ പമ്പുകളിലെ തൊഴിലാളികളാണ് പിൻ ചോർത്താൻ സഹായിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കുന്നത് മറ്റൊരാളാണ്. ചുവന്ന സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ഇയാൾ ഹെൽമറ്റ് ധരിച്ചാണ് എ.ടി.എം. കൗണ്ടറിൽ എത്തുന്നത്. ഇയാളാരെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. താടിവെച്ചയാളാണ് പ്രതി. ഇയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി തോപ്പുംപടി പോലീസ് കൂടുതൽ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. എ.ടി.എമ്മിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇതിനായി ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നതിനായുള്ള ഊർജിതമായ അന്വേഷണത്തിലാണ് പോലീസെന്ന് എറണാകുളം എ.സി.പി. കെ. ലാൽജി പറഞ്ഞു. കൊച്ചിയിൽ ഒരു മാസത്തിനിടെ ആറ് പരാതികളിലായി 6.10 ലക്ഷം രൂപയാണ് എ.ടി.എം. തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിട്ടുള്ളത്. മുഹമ്മദ് ഷാബിറിന്റെ കേസിൽ തിങ്കളാഴ്ച അതിരാവിലെ 20 മിനിറ്റിനുള്ളിലാണ് രണ്ട് എ.ടി.എമ്മുകളിലായി തട്ടിപ്പ് നടന്നത്.
Content Highlights: ATM robbery by using fake card by leaking original ATM details through petrol pumbs
Share this Article
Related Topics