എ.ടി.എം. കൗണ്ടറിലെ ക്യാമറകൾ കറുത്തചായം പൂശി കവർച്ചശ്രമം: പ്രതി പിടിയിൽ


1 min read
Read later
Print
Share

വിമുക്തഭടനെ കൊന്നുകുഴിച്ചിട്ട കേസിലെ രണ്ടാം പ്രതി രാജേഷാണ് പിടിയിലായത്.

ഹരിപ്പാട്: പള്ളിപ്പാട്ട് കുരീക്കാട് ജങ്ഷനിലെ എസ്.ബി.ഐ. എ.ടി.എം. പൊളിച്ച് പണം അപഹരിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് പിടികൂടി. പള്ളിപ്പാട് വിമുക്തഭടനെ കൊന്നുകുഴിച്ചിട്ട കേസിലെ രണ്ടാം പ്രതി നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 20-ന് രാത്രിയിലായിരുന്നു കവർച്ചശ്രമം.

എ.ടി.എം. കൗണ്ടറിലെ ക്യാമറകൾ കറുത്തചായം പൂശി മറച്ചതിനുശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് കൗണ്ടർ പൊളിക്കാനായിരുന്നു ശ്രമം. ഇതിനായി കൗണ്ടറിനുള്ളിലെ ട്യൂബ് ലൈറ്റുകൾ അടിച്ചുപൊട്ടിച്ചിരുന്നു. ഈ ശബ്ദംകേട്ട് സമീപവാസികൾ ഉണർന്നതിനാൽ മോഷണശ്രമം ഉപേക്ഷിച്ചതായാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.

വിമുക്തഭടൻ പള്ളിപ്പാട് കൊണ്ടൂരേത്ത് പടീറ്റതിൽ രാജൻ (78) കഴിഞ്ഞ ഏപ്രിൽ 10-നാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ മുഖ്യസൂത്രധാരനും രണ്ടാം പ്രതിയുമാണ് രാജേഷ്. രാജൻ പലർക്കായി ലക്ഷങ്ങൾ പലിശയ്ക്ക് കൊടുത്തിരുന്നു. ഇതിൽ ഇടനിലക്കാരനായ രാജേഷും വൻതുക വാങ്ങിയെടുത്തതായി പോലീസ് പറയുന്നു. വാങ്ങിയ പണം മടക്കിക്കൊടുക്കാതിരിക്കാൻ രാജനെ ആസൂത്രിതമായി കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു എന്നാണ് കേസ്. അന്ന് അറസ്റ്റിലായിരന്ന രാജേഷ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സാമ്പത്തിക ബാധ്യത തീർക്കാനാണ് പ്രതി എ.ടി.എം. കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത് വിജയിക്കാതെ വന്നതിനാലാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ സംശയം.

കായംകുളത്തെ ഒരു കടയിൽനിന്ന്‌ വാങ്ങിയ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം. പൊളിക്കാൻ ശ്രമിച്ചത്. മോഷണശ്രമം പരാജയപ്പെട്ടതിനാൽ കട്ടർ മറിച്ചുവിറ്റിരുന്നു. ഈ ഗ്യാസ് കട്ടറാണ് കേസിലെ നിർണായക തെളിവ്.

സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, ആർ.സാഗർ, ടി.എസ്.അഞ്ജു, എ.അക്ഷയ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Ex-service amn murder case accused arrested for ATM Robbery attempt by painting black over CCTV in ATM counter

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram