തിരുവനന്തപുരം: മുട്ടത്തറ കല്ലുംമൂട് നാലുവരി പാതയ്ക്കുസമീപത്തെ എ.ടി.എം. തകര്‍ത്ത് മോഷണശ്രമം. നാലുവരിപ്പാതയ്ക്കു സമീപത്ത് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വലിയതുറ ബ്രാഞ്ചിന്റെ എ.ടി.എമ്മില്‍ നിന്നാണ് പണം കവരാന്‍ ശ്രമം നടത്തിയത്. പണംസൂക്ഷിച്ചിരിക്കുന്ന യന്ത്രഭാഗം തല്ലിത്തകര്‍ത്ത് പണം എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നമ്പര്‍ സംവിധാനത്തിലുള്ള പൂട്ടായതിനാല്‍ മോഷ്ടാക്കള്‍ക്ക് പണം എടുക്കാനായില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൗണ്ടര്‍ തുറന്നുകയറിയ മോഷ്ടാക്കള്‍ എ.ടി.എമ്മിന്റെ താഴെയുള്ള ഭാഗങ്ങള്‍ തകര്‍ത്തു. കംപ്യൂട്ടര്‍ സ്‌ക്രീനും അടിച്ചുതകര്‍ത്തു. കൗണ്ടറിനകത്തിരുന്ന് മദ്യപിച്ചതിന്റെ ലക്ഷണവുമുണ്ടെന്ന് പോലീസ് പറഞ്ഞു. പുറത്തിറങ്ങിയ മോഷ്ടാക്കള്‍ കൗണ്ടറിനകത്ത് മിക്സ്ചര്‍ വിതറിയിട്ടുണ്ട്. രാവിലെ പണമെടുക്കാനെത്തിയ ആളാണ് കൗണ്ടര്‍ തകര്‍ന്ന സംഭവം തൊട്ടടുത്ത സ്ഥാപനത്തിലെ ആള്‍ക്കാരെ അറിയിച്ചത്. ഇവര്‍ പിന്നീട് പോലീസില്‍ അറിയിച്ചു.
കംപ്യൂട്ടര്‍ സ്‌ക്രീനും മറ്റും തകര്‍ക്കാനെത്തിയ ചുറ്റികയുള്‍പ്പെടെയുള്ളവ കൗണ്ടറിനുള്ളില്‍ നിന്ന് കണ്ടെടുത്തു. പ്രാദേശികബന്ധമുള്ള മോഷ്ടാക്കളാകാം സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു.
ബാങ്ക് അധികൃതരെത്തി എ.ടി.എം. പരിശോധിച്ചു. വിരടലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ബാങ്ക് അധികൃതരോട് എ.ടി.എമ്മിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.