വൈപ്പിൻ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുവൈപ്പ് ശാഖയോടു ചേർന്നുള്ള എ.ടി.എമ്മിൽ കവർച്ചാ ശ്രമം. ശനിയാഴ്ച പുലർച്ചെ 2.45-നാണ് സംഭവം. ബാങ്കിന്റെ മുംബൈ കേന്ദ്രത്തിൽ നിന്നുള്ള ഫോൺസന്ദേശം ലഭിച്ചയുടൻ പോലീസ് കുതിച്ചത്തിയതോടെയാണ് പ്രതി പിടിയിലായത്. നായരമ്പലം നെടുങ്ങാട് സ്വദേശിയായ നികത്തുതറ ആദർശ് (20) ആണ് അറസ്റ്റിലായത്.
മുംബൈയിൽ നിന്ന് സന്ദേശം ലഭിച്ച് പത്ത് മിനിറ്റിനകം ഞാറയ്ക്കൽ എസ്.ഐ. സംഗീത് ജോബും സംഘവും സ്ഥലത്തെത്തി. മുക്കാൽ ഭാഗത്തോളം കോടാലി കൊണ്ട് വെട്ടിപ്പൊളിച്ച ശേഷം ആരെങ്കിലും വരുന്നുണ്ടോയെന്ന് പ്രതി നോക്കുമ്പോഴാണ് പോലീസ് ജീപ്പ് കണ്ടത്. ഓടിപ്പോയ പ്രതിയെ അടുത്തുള്ള വീടിന്റെ ടെറസിലെ വെള്ളം ഇല്ലാത്ത വാട്ടർ ടാങ്കിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തെ തുടർന്ന് എ.ടി.എം. പോലീസ് സീൽ ചെയ്തു. സി.ഐ. എം.കെ. മുരളി, എസ്.ഐ. സംഗീത് ജോബ്, എ.എസ്.ഐ. ഷംസുദ്ദീൻ, മനോജ്, മിറാഷ്, ശിവദാസ്, പ്രവീൺദാസ്, ബിനു എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കി.ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാരനാണ് ആദർശ്.
വില കൂടിയ ബൈക്ക് വാങ്ങിയതിലെ കടം തീർക്കാനായിരുന്നു കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
മുംബൈയിൽ നിന്നുള്ള മിന്നൽ വിളി
പുലർച്ചെ ആഴൊഴിഞ്ഞ നേരത്ത് നടന്ന കവർച്ചാ ശ്രമം മിന്നൽ വേഗത്തിൽ എങ്ങനെ മുംബൈയിൽ അറിഞ്ഞു എന്ന അമ്പരപ്പിലായിരുന്നു എല്ലാവരും.
സാധാരണ എ.ടി.എം കൗണ്ടറുകളിൽ ഒരു സി.സി.ടിവി ക്യാമറയാണുള്ളത്.പ്രതിദിനം ശരാശരി 25 ലക്ഷം രൂപ വരെ ഇടപാട് നടക്കുന്നതിനാൽ പുതുവൈപ്പിനിലെ കൗണ്ടറിൽ മറ്റൊന്നു കൂടി ഉണ്ട്. ഇത് മുംബൈയിലെ ബാങ്ക് ആസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കവർച്ചാശ്രമം ഉടൻ അറിഞ്ഞത് അങ്ങനെയാണ്. പോലീസും സന്ദർഭത്തിനൊത്തുയർന്നു.
Content Highlights: ATM robbery