അഗളി: അട്ടപ്പാടിയിൽ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിലെ പ്രതിയെ പിടികൂടി. പെരിന്തൽമണ്ണ തൂത സ്വദേശി ഷെരീഫാണ് (34) പിടിയിലായത്.
എ.ടി.എം. ഉപയോഗിച്ച് പണം കവർന്നെന്ന അട്ടപ്പാടി കാരന്തൂർ സ്വദേശി ശെന്തിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം സ്വദേശിയായ ഷെരീഫ് അട്ടപ്പാടി കാരന്തൂർ സ്വദേശിയായ ആദിവാസി യുവതിയോടെപ്പം വർഷങ്ങളായി അട്ടപ്പാടിയിൽ താമസിച്ചു വരികയായിരുന്നു.
തുടർന്ന്, പ്രദേശവാസിയായ ശെന്തിലുമായി സൗഹൃദത്തിലായി. ബാങ്കിൽ നിന്ന് എ.ടി.എം. കാർഡ് വാങ്ങാൻ പോകുമ്പോൾ സുഹൃത്തായ ഷെരീഫിനെ ശെന്തിൽ കൂടെക്കൂട്ടിയിരുന്നു. എ.ടി.എം. ഉപയോഗിച്ച് പണം പിൻവലിക്കാൻ അറിയാതിരുന്ന ശെന്തിൽ ഷെരീഫിന്റെ സഹായത്തോടെ പണം പിൻവലിച്ചു. തുടർന്ന്, വീട്ടിലെത്തിയ രണ്ടാളും മദ്യപിക്കുകയും അബോധാവസ്ഥയിലായ ശെന്തിലിന്റെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡ് ഷെരീഫ് കൈക്കലാക്കുകയുമായിരുന്നു.
തുടർന്ന്, 2018 ജൂലായ് മുതൽ സെപ്റ്റംബർവരെ പലതവണകളായി 4,72,000 രൂപ പിൻവലിക്കുകയും ചെയ്തു. അഗളി, മണ്ണാർക്കാട്, പെരിന്തൽമണ്ണ, ആനക്കട്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പണം പിൻവലിച്ചത്. പണം നഷ്ടപ്പെട്ടതറിയുകയും ഷെരീഫിനെ സംശയം തോന്നുകയുംചെയ്ത ശെന്തിൽ മണ്ണാർക്കാട് എസ്.സി.-എസ്.ടി. കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതിനിർദേശത്തെത്തുടർന്ന് അഗളി പോലീസ് 2019 ഏപ്രിലിൽ കേസ് രജിസ്റ്റർചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഷെരീഫിന്റെ കൂടെത്താമസിച്ചിരുന്ന ആദിവാസിയുവതി പൊള്ളലേറ്റ് മരിച്ചതിനെത്തുടർന്ന് മലപ്പുറത്തുപോയ ഷെരീഫ് മകളെ കാണുന്നതിനായി ഇടക്കിടെ അട്ടപ്പാടിയിൽ വന്നുപോയിരുന്നു. അഗളി എ.എസ്.പി. നവനീത്‌ശർമയുടെ നിർദേശത്തെത്തുടർന്ന് എസ്.ഐ. അരിസ്റ്റോട്ടിലും സംഘവുമാണ് ബുധനാഴ്ച കാരന്തൂരിൽനിന്ന് ഷെരീഫിനെ പിടികൂടിയത്. ചോദ്യംചെയ്യലിൽ ഷെരീഫ് കുറ്റം സമ്മതിച്ചതായും അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും അഗളി പോലീസ് അറിയിച്ചു.
Content HIghlights: ATM robbery