പോത്താനിക്കാട്: എറണാകുളം പൈങ്ങോട്ടൂരില്‍ എസ്.ബി.ഐ.യുടെ എ.ടി.എം. തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. തിങ്കളാഴ്ച വെളുപ്പിന് നാലു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് മോഷണ ശ്രമം നടത്തിയിരിക്കുന്നതെന്ന് എ.ടി. എമിലെ സി.സി.ടി.വി. ക്യാമറയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്ന് മനസ്സിലായി.
ഹെല്‍മെറ്റ് വച്ച് മുഖം മറച്ച ഇവര്‍ ആദ്യം ചെയ്തത് എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി. ക്യാമറയില്‍ പശ തേച്ച് പിടിപ്പിക്കുകയായിരുന്നു. ക്യാമറ ഉയരത്തില്‍ ആയിരുന്നതിനാല്‍ മോഷ്ടാക്കളില്‍ ഒരാളുടെ പുറത്ത് കയറി നിന്നാണ് പശ തേച്ചത്. പിന്നീട് കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എം. മെഷീന്റെ പുറമെയുള്ള ഒരു കവചം തകര്‍ത്തു. എന്നാല്‍, ഇതിന്റെ ഉള്ളിലെ മറ്റ് രണ്ട് ഭാഗങ്ങള്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷ്ടാക്കള്‍ പണം എടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
എ.ടി.എമ്മില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞ് മൂവാറ്റുപുഴ ഡിവൈ. എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ എത്തിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സമീപത്തുള്ള സ്ഥാപനങ്ങളിലെ ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എ.ടി.എമ്മില്‍ സെക്യൂരിറ്റി ജീവ നക്കാര്‍ ഇല്ലാതിരുന്നത് മോഷ്ടാക്കള്‍ക്ക് സഹായകമായിയെന്ന് പോലീസ് പറഞ്ഞു.
Content Highlights: atm robbery