ചെന്നൈ: വെല്ലൂരിൽ പെട്രോൾപമ്പിലെ പി.ഒ.എസ്. കാർഡ് യന്ത്രത്തിൽ തിരിമറി നടത്തി പണം തട്ടിയ മലയാളിയുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങൾ ചോർത്തുന്ന സ്കിമ്മർ ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. കാസർകോട് സ്വദേശി നിഷാദ് (29), പെട്രോൾ പമ്പ് ജീവനക്കാരായ അമർനാഥ്, സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
വെല്ലൂരിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്ന കേസുകൾ വർധിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കാട്പാടി റെയിൽവേ സ്റ്റേഷന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്കായി. തുടർന്ന് പമ്പിൽ നടത്തിയ പരിശോധനയിൽ കാർഡ് റീഡർ യന്ത്രത്തിൽ സ്കിമ്മർ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ജീവനക്കാരനായ അമർനാഥ് കുറ്റം സമ്മതിച്ചു. തുടർന്നാണ് നിഷാദിന്റെ പങ്ക് വ്യക്തമായത്.
യന്ത്രത്തിൽ ഘടിപ്പിക്കുന്നതിനുള്ള സ്കിമ്മർ സൗദി അറേബ്യയിൽ നിന്നാണ് നിഷാദ് എത്തിച്ചത്. ഇത് കൂട്ടാളികളായ അമർനാഥിനും സതീഷിനും നൽകി. ഇവരാണ് യന്ത്രത്തിൽ സ്‌കിമ്മർ ഘടിപ്പിച്ചത്. ഉപഭോക്താക്കൾ നൽകുന്ന കാർഡുകളിൽ നിന്ന് വിവരങ്ങൾ ചോർത്തിയെടുത്ത് ഇവർ കേരളത്തിലുള്ള നിഷാദിന് അയച്ച് നൽകിയിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് നിഷാദാണ് വ്യാജ കാർഡുകൾ നിർമിച്ച് പണം പിൻവലിച്ചിരുന്നത്. ഒരു വർഷത്തോളമായി ഇത്തരത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Content Highlights: atm robbery
Share this Article
Related Topics