ചെന്നൈ: പോരൂരിനടുത്ത് എ.ടി.എമ്മിൽ പണം നിറയ്ക്കുന്നതിനിടെ ജീവനക്കാരെ ആക്രമിച്ച് പത്തു ലക്ഷം രൂപ കവർന്നു. കാനറ ബാങ്ക് എ.ടി.എമ്മിൽ വ്യാഴാഴ്ച രാത്രി ഏട്ടോടെയിരുന്നു സംഭവം. ദേവരാജ് (35), മുരളി (30) എന്നീ സ്വകാര്യ ഏജൻസി ജീവനക്കാരാണ് പണം നിറയ്ക്കുന്നതിനായി എ.ടി.എമ്മിൽ എത്തിയത്.
14 ലക്ഷം രൂപയിൽ നാലു ലക്ഷം രൂപ ഇവർ യന്ത്രത്തിൽ നിറച്ചിരുന്നു. ഇതിനിടയിലാണ് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേർ കത്തി കാട്ടി പണം കൈക്കലാക്കാൻ ശ്രമിച്ചത്.
ദേവരാജ് എതിർത്തതോടെ ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സംഘം പണവുമായി ബൈക്കിൽ കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മുരളി കുത്തേറ്റ ദേവരാജിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസെടുത്ത പോരൂർ പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ സുരക്ഷാ ക്രമങ്ങൾ പാലിക്കാതെയാണ് പണം നിക്ഷേപിച്ചതെന്ന് വ്യക്തമായി.
ജീവനക്കാരുടെ കൂടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. എ.ടി.എമ്മിന്റെ ഷട്ടർ താഴ്ത്താതെയാണ് പണം നിക്ഷേപിച്ചതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചമുതൽ കവർച്ചാസംഘം ഏജൻസിയുടെ വാഹനത്തെ പിന്തുടർന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപവത്‌കരിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Content Highlights: atm robbery in chennai