പെരിയ: തകര്‍ക്കാന്‍ കഴിയാതെ കവര്‍ച്ചക്കാര്‍ ഉപേക്ഷിച്ച പെരിയ കനറാ ബാങ്ക് ശാഖയിലെ എ.ടി.എമ്മിന്റെ പണപ്പെട്ടി കമ്പനി പ്രതിനിധിയെത്തി തുറന്നു. 16,97,000 രൂപ പെട്ടിക്കകത്ത് ഭദ്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടോടെയാണ് മുംബൈയിലെ ഡൈബോള്‍ഡ് കമ്പനിയിലെ പ്രതിനിധി അരവിന്ദിന്റെ നേതൃത്വത്തില്‍ പണപ്പെട്ടി തുറന്നത്. ബേക്കല്‍ പോലീസിന്റെയും ബാങ്ക് ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പെട്ടി തുറന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കനറാ ബാങ്ക് ശാഖയിലെ എ.ടി.എമ്മില്‍ കവര്‍ച്ചശ്രമം നടന്നത്. എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് മോണിറ്ററും മറ്റുപകരണങ്ങളും നീക്കിയെങ്കിലും കവര്‍ച്ചക്കാര്‍ക്ക് പണപ്പെട്ടി തുറക്കാന്‍ കഴിഞ്ഞില്ല. അന്നുതന്നെ പണപ്പെട്ടി നിര്‍മിച്ച ഡൈബോള്‍ഡ് കമ്പനി പ്രതിനിധി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേത്തുടര്‍ന്നാണ് കമ്പനിയുടെ വിദഗ്ധരുടെ സഹായം തേടിയത്. പൂജാ അവധിദിവസങ്ങള്‍ക്കുമുമ്പ് 20 ലക്ഷം രൂപയാണ് ബാങ്ക് അധികൃതര്‍ നിക്ഷേപിച്ചിരുന്നത്. നാലുലക്ഷത്തോളം രൂപയുടെ എ.ടി.എം. ഇടപാട് നടന്നിരുന്നു. ബാക്കി തുകയാണ് ഇപ്പോള്‍ പണപ്പെട്ടിയില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്. പണം പിന്നീട് ബാങ്ക് ശാഖയിലേക്കു മാറ്റി.
എ.ടി.എം. പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ബാങ്ക് മാനേജര്‍ ജയചന്ദ്രന്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് എ.ടി.എം. ഇന്‍ഷുര്‍ ചെയ്തത്. ഇന്‍ഷുറന്‍സ് കമ്പനി സര്‍വേയര്‍ നാരായണന്‍ എ.ടി.എം. കൗണ്ടറിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. നിലവില്‍ ബാങ്കിന്റെ എ.ടി.എം. ഇടപാടുകള്‍ പെരിയ കേന്ദ്രസര്‍വകലാശാലാ കാമ്പസിലെ എ.ടി.എം. കൗണ്ടറിലേക്ക് മാറ്റിയിട്ടുണ്ട്.