കഴക്കൂട്ടം: അമ്പലത്തിന്‍കരയില്‍ എ.ടി.എം. കുത്തിപ്പൊളിച്ച് പത്തുലക്ഷത്തിലധികം രൂപ മോഷ്ടിച്ചത് പരിചയസമ്പന്നരായ മോഷണസംഘമെന്ന് പോലീസ്. എ.ടി.എം. കുത്തിപ്പൊളിച്ച രീതിയും സമയവും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂറിനുള്ളില്‍ മെഷീന്‍ മുറിച്ച് മോഷണം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാത്രി 2.10ന് പട്രോളിങ്ങിനെത്തിയ പോലീസ് ഇവിടെയെത്തി ഒപ്പിട്ടിരുന്നു. 2.40 ഓടെ മെഷീന്‍ കേടായതായാണ് ബാങ്കില്‍ ലഭിച്ച വിവരം. കഴിഞ്ഞ മാസം അവസാനം മാരാരിക്കുളത്ത് എ.ടി.എം. കുത്തിപ്പൊളിച്ചു നടത്തിയ മോഷണത്തിന്റെ രീതിതന്നെയാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. എ.ടി.എം. കൗണ്ടറിലെ ക്യാമറ ഒരു മാസമായി കേടായി കിടക്കുകയാണ്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാലും എ.ടി.എം. പൊളിക്കുന്നത് ഏറെ ശ്രമകരമാണ്. എ.ടി.എം. യന്ത്രത്തെക്കുറിച്ചു സാങ്കേതികധാരണയുള്ളവര്‍ക്കേ പണം നശിക്കാതെ കൃത്യമായി ഇതു മുറിക്കാനാവൂ. പോലീസ് സംഘം പോയതിനു തൊട്ടുപിന്നാലെയുള്ള സമയം മോഷ്ടാക്കള്‍ തിരഞ്ഞെടുത്തതും മോഷണം ആസൂത്രണംചെയ്തതിനു തെളിവാണ്.
ആലപ്പുഴയിലെ എ.ടി.എം. മോഷണത്തിന്റെ അന്വേഷണസംഘവുമായി സഹകരിച്ചാണ് ഇവിടെയും അന്വേഷണം നടത്തുന്നത്. കഴക്കൂട്ടം സൈബര്‍സിറ്റി എ.സി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. എ.ടി.എമ്മിനു സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. കഴക്കൂട്ടത്തും കാര്യവട്ടം കാമ്പസിനു സമീപത്തും പോലീസ് സ്ഥാപിച്ച ക്യാമറകളും പരിശോധിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പലരെയും ചോദ്യംചെയ്‌തെങ്കിലും ഇവരെല്ലാം പണമെടുക്കാനെത്തിയവരാണെന്നു തരിച്ചറിഞ്ഞു. ഈ സമയത്തെ മൊബൈല്‍ഫോണ്‍ കോളുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.
എ.ടി.എമ്മില്‍നിന്നുള്ള വിരലടയാളങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ളവരാകാം സംഘത്തിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. ക്യാമറാദൃശ്യങ്ങളും ഫോണ്‍കോളുകളും പരിേശാധിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണു കരുതുന്നത്. ഗ്യാസ് കട്ടര്‍ എത്തിക്കാനും പണം കൊണ്ടുപോകാനും വാഹനം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍, വാഹനം ഇവിടെ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. വാഹനത്തില്‍ മോഷ്ടാക്കളെ എത്തിച്ചതിനു ശേഷം പിന്നീടു തിരിച്ചെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയതാവാമെന്നും കരുതുന്നു.