കണിച്ചുകുളങ്ങര: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പട്ടാപ്പകല്‍ എ.ടി.എം. പൊളിച്ചു. തകരാര്‍ പരിഹരിക്കാന്‍ എത്തിയ ബാങ്ക് ജീവനക്കാരനാണ് താനെന്ന് പറഞ്ഞപ്പോള്‍ ഇത് വിശ്വസിച്ച നാട്ടുകാര്‍ കാഴ്ചക്കാരായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴും യുവാവ് എ.ടി.എം. പൊളിക്കല്‍ തുടര്‍ന്നു. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങര ജങ്ഷന് സമീപത്താണ് സംഭവം.
താമരക്കുളം സ്വദേശിയായ യുവാവാണ് പരസ്യമായി എ.ടി.എം. പൊളിച്ചത്. വ്യാഴാഴ്ച രാവിലെ എ.ടി.എമ്മില്‍ പണമെടുക്കാന്‍ വന്നവരാണ് യുവാവ് ഉളിയും ചുറ്റികയുമായി എ.ടി.എം. പൊളിക്കുന്നത് കണ്ടത്. എ.ടി.എം. തകരാറിലാണെന്നും നന്നാക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് പണം എടുക്കാന്‍ വന്നവരെ മടക്കി. ഇതിനിടയില്‍ നാട്ടുകാരും എത്തി. ഇവരോടെല്ലാം എ.ടി.എം തകരാര്‍ പരിഹരിക്കാന്‍ ബാങ്ക് തന്നെ ചുമതലപ്പെടുത്തിയതാണെന്നാണ് പറഞ്ഞത്. പുലര്‍ച്ചേ രണ്ടുമണിക്ക് തുടങ്ങിയ ജോലിയാണെന്ന് ഇയാള്‍ വ്യക്തമാക്കുകയും ചെയ്തു. രാവിലെ ഒന്‍പതുമണിയോടെ കാഴ്ചക്കാരില്‍ ഒരാള്‍ സുഹൃത്തായ പോലീസുകാരനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മാരാരിക്കുളം പോലീസ് സ്ഥലത്ത് എത്തി. പോലീസിനെ കണ്ടിട്ടും ഗൗനിക്കാതെ യുവാവ് ജോലി തുടര്‍ന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വലിയ പ്രശ്‌നമില്ലെന്നും തന്നെ സ്വന്തം ജാമ്യത്തില്‍ വിട്ടാല്‍ മതിയെന്നുമാണ് പറഞ്ഞത്. ഇയാളുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ബാങ്ക് അധികൃതര്‍ എത്തി പണം നഷ്ടപ്പെട്ടില്ലെന്ന് പോലീസിനെ അറിയിച്ചു. താമരക്കുളത്തുനിന്ന് യുവാവ് ബൈക്കിലാണ് എത്തിയത്. ഇയാള്‍ക്കെതിരേ മോഷണശ്രമത്തിന് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി.
content highlights: alapuzha atm news
Share this Article
Related Topics