കൊടൈക്കനാല്‍: സുഹൃത്തിന്റെ ഭാര്യയെ പ്രണയിച്ചയാളെ കൊലപ്പെടുത്തി കൊക്കയില്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ ഒളിവിലാണ്.
മധുര ജയ്ഹിന്ദുപുരം ഭാരതിയാര്‍ മെയിന്റോഡിലെ മണികണ്ഠനാണ് (34) കൊല്ലപ്പെട്ടത്. വിനോദസഞ്ചാരത്തിനെന്ന വ്യാജേന കൊടൈക്കനാലില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തി കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസത്തെ തിരച്ചലിനുശേഷം മണികണ്ഠന്റെ മൃതദേഹം കൊടൈക്കനാല്‍ വട്ടക്കനാലില്‍ 1,500 അടി താഴ്ചയില്‍നിന്ന് പോലീസ് കണ്ടെടുത്തു. മണികണ്ഠന്റെ സുഹൃത്ത് ശരവണകുമാര്‍ (42), സഹായി ശ്രീനിവാസന്‍ (35), കൊടൈക്കനാല്‍ പാമ്പാര്‍പുരം ഹെല്‍മെറ്റ് രാജ എന്നിവരെയാണ് മധുര പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാജന്‍, ശബരി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ശരവണകുമാറിന്റെ ഭാര്യയും മണികണ്ഠനുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 24നാണ് മണികണ്ഠനെ ഇവര്‍ കൊടൈക്കനാലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അന്ന് ലോഡ്ജില്‍ മുറിയെടുത്ത് തങ്ങിയശേഷം 25-ന് ഹെല്‍മെറ്റ് രാജയുടെ കാറുമെടുത്ത് കൊടൈക്കനാല്‍ ചുറ്റിക്കാണാന്‍ പോയവഴിയാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്.
ദിവസങ്ങള്‍ക്ക് മുമ്പ് നടിയെ പ്രണയിച്ച ടാക്‌സി ഡ്രൈവറെ കൊടൈക്കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ നാലുപേരെ പോലീസ് പിടികൂടുകയും ചെയ്തു. നടിയുടെ പിതാവിന്റെ ക്വട്ടേഷന്‍ അനുസരിച്ചാണ് നാലംഗസംഘം ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയത്.
Share this Article